ഏഴ് സ്റ്റീൽ ബോംബുകൾ കണ്ടെത്തി, മൂന്ന് പ്രതികൾ അറസ്റ്റിൽ.
കണ്ണൂർ – പാനൂരിൽ ഒരാളുടെ മരണത്തിനും നിരവധി പേർക്ക് പരിക്കേൽക്കാനുമിടയായ ബോംബ് സ്ഫോടനം സംബന്ധിച്ച് അന്വേഷണം ഊർജ്ജിതം. എന്തിന് വേണ്ടിയായിരുന്നു ബോംബ് ഉണ്ടാക്കിയതെന്ന് കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പോലീസ്. അതേസമയം, ബോംബ് ആരെ ലക്ഷ്യമിട്ടാണ് എന്ന് വ്യക്തമായിട്ടില്ല. എന്നാൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായ ഷാഫി പറമ്പിൽ പ്രദേശത്ത് പര്യടനം നിശ്ചയിച്ചതിന്
തൊട്ടുമുമ്പാണ് അപകടമുണ്ടായത് എന്നത് സംഭവത്തിൽ കൂടുതൽ സംശയങ്ങൾ ജനിപ്പിക്കുന്നുണ്ട്. ഷാഫിയെ ആക്രമിക്കുക എന്ന ലക്ഷ്യമിട്ടാണോ ബോംബ് നിർമ്മാണം നടന്നത് എന്ന കാര്യത്തിലും സംശയങ്ങൾ ഉയരുന്നുണ്ട്.
സംഘം നിർമ്മിച്ച ഏഴു സ്റ്റീൽ ബോംബുകൾ കണ്ടെത്തി. സ്ഫോടനം നടന്ന കെട്ടിടത്തിന് സമീപത്തെ കുറ്റിക്കാട്ടിൽ നിന്നാണ് ഇവ കണ്ടെത്തിയത്. ഇവയ്ക്കൊപ്പം ബോംബ് നിർമ്മാണ സാമഗികളും കണ്ടെത്തിയിരുന്നു. അതിനിടെ സംഭവത്തിൽ കസ്റ്റഡിയിലെടുത്ത നാല് സി.പി.എം പ്രവർത്തകരിൽ 3 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി.
അറസ്റ്റിലായ മൂന്നംഗ സംഘത്തിൽ ഷിബിൻലാലിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഒളിപ്പിച്ച ബോംബുകൾ കണ്ടെത്തിയത്. സ്ഫോടനം നടന്നയുടൻ ബോംബ് സ്ഥലത്ത് നിന്ന് ഷിബിൻലാലിന്റെ നേതൃത്വത്തിൽ മാറ്റിയിരുന്നു. ഈ ബോംബുകളാണ് കണ്ടെത്തിയത്. അത്യുഗ്ര സ്ഫോടകശേഷിയുള്ള ബോംബുകളാണ് കണ്ടെത്തിയത്. എ.സി.പി കെ.വി. വേണുഗോപാലിൻ്റെയും സിഐ പ്രേംസദന്റെയും നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് തെരച്ചിൽ നടത്തിയത്. ബോംബ് സ്ക്വാഡും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. കസ്റ്റഡിയിലുള്ള അതുൽ, അരുൺ, ഷിബിൻ ലാൽ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. കസ്റ്റഡിയിലുള്ള സായൂജിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തും. പത്ത് പേരാണ് ബോംബ് നിർമ്മാണ സ്ഥലത്തുണ്ടായിരുന്നുവെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം. പാനൂരിൽ ബോംബ് നിർമ്മാണത്തിന്റെ സൂത്രധാരന്മാർ ഒളിവിലുള്ള ഷിജാലും പരിക്കേറ്റ വിനീഷുമാണെന്നാണ് സൂചന. സംഘത്തിലുണ്ടായിരുന്ന രണ്ട് പേർ ഒളിവിലാണ്.
നിർമ്മാണത്തിനിടെ ബോംബ് പൊട്ടിത്തെറിച്ച് സി.പി.എം പ്രവർത്തകൻ മരിച്ച സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. പൊട്ടിത്തെറിച്ചത് സ്റ്റീൽ ബോംബ് ആണെന്ന് സ്ഥിരീകരിച്ചു. ബോംബ് നിർമ്മാണത്തിനായി ഉപയോഗിച്ച തുരുമ്പിച്ച ആണി, മെറ്റൽ ചീളുകൾ, കുപ്പിച്ചില്ല്, എന്നിവ പോലീസ് കണ്ടെടുത്തു. മതിലിൽ തുളയിട്ടായിരുന്നു സാമഗ്രികൾ സൂക്ഷിച്ചിരുന്നത്. ഇവയ്ക്ക് പുറമേ വെടിമരുന്നും പിടിച്ചെടുത്തിട്ടുണ്ട്.
ദിവസങ്ങളായി പ്രദേശത്ത് പ്രതികൾ ചേർന്ന് ബോംബുകൾ നിർമ്മിച്ച് പോന്നിരുന്നുവെന്നാണ് പോലീസ് പറയുന്നത്. സ്ഫോടനത്തിന് പിന്നാലെ പോലീസ് ഇവിടെ നടത്തിയ പരിശോധനയിൽ ഇന്നലെ മതിലിൽ ഒളിപ്പിച്ച നിലയിൽ നാല് ബോംബുകൾ കണ്ടെടുത്തിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ ഉൾപ്പെട്ടവരാണ് സംഭവത്തിലെ പ്രതികൾ.
വിനീഷിന്റെ അയൽക്കാരനും ലോട്ടറി തൊഴിലാളിയുമായ മനോഹരന്റെ, ലൈഫ് മിഷൻ പദ്ധതിയിൽ പണിയുന്ന വീടിന്റെ ടെറസിൽ വച്ചായിരുന്നു ബോംബ് നിർമാണം. തങ്ങളുടെ വീട് ദുരുപയോഗം ചെയ്തെന്നുകാണിച്ച് മനോഹരന്റെ ഭാര്യ പോലീസിൽ പരാതി നൽകിയിട്ടുണ്ട്.