തിരുവനന്തപുരം-കണ്ണൂര്‍ യൂണിവേഴ്സിറ്റി ബി.സി.എ ആറാം സെമസ്റ്റര്‍ പരീക്ഷ പേപ്പര്‍ ചോര്‍ന്നതിന് പിന്നാലെ എല്ലാ പരീക്ഷ സെന്ററുകളിലും നിരീക്ഷകരെ നിയമിക്കാൻ സര്‍വകലാശാല തീരുമാനിച്ചു. അണ്‍ എയ്ഡഡ് കോളജുകളിലും നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശമുണ്ട്. ചോദ്യ പേപ്പര്‍ ഡൗണ്‍ലോഡ് ചെയ്യുന്നത് നിരീക്ഷരുടെ സാന്നിധ്യത്തിലായിരിക്കണം. ചോദ്യ പേപ്പര്‍ ചോര്‍ന്ന കാസര്‍ഗോഡ് പാലക്കുന്ന് ഗ്രീന്‍ വുഡ്‌സ് കോളജില്‍ പരീക്ഷ മാറ്റി നടത്തും. മറ്റൊരു സെന്ററിൽ വെച്ചായിരിക്കും പരീക്ഷ നടത്തുക.
ഏപ്രില്‍ 2ന് സെല്‍ഫ് ഫിനാന്‍സിംഗ് സ്ഥാപനമായ ഗ്രീന്‍വുഡ് കോളജിലെ പരീക്ഷാ ഹാളില്‍ സര്‍വകലാശാല സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ചോദ്യപേപ്പര്‍ ചോര്‍ന്നതായി കണ്ടെത്തിയത്. വിദ്യാര്‍ഥികളുടെ വാട്‌സപ്പില്‍ നിന്നാണ് ചോദ്യപേപ്പറിന്റെ ചിത്രങ്ങള്‍ കണ്ടെത്തിയത്. പരീക്ഷക്ക് രണ്ട് മണിക്കൂര്‍ മുമ്പ് പ്രിന്‍സിപ്പലിന്റെ ഇ മെയിലിലേക്ക് അയച്ച ചോദ്യപേപ്പറാണ് ചോര്‍ന്നത്. എങ്ങനെയാണ് പരീക്ഷ പേപ്പര്‍ ചോര്‍ന്നതെന്ന് വ്യക്തമല്ല. ഇതിനു പിന്നില്‍ പ്രിന്‍സിപ്പല്‍ അടക്കമുള്ളവര്‍ സംശയത്തിന്റെ നിഴലിലാണ്. കണ്ണൂര്‍ കമ്മീഷ്ണര്‍ക്കും ബേക്കല്‍ പോലീസിനും നല്‍കിയ പരാതിയില്‍ അന്യേഷണം ആരംഭിച്ചു. ആഭ്യന്തര അന്യേഷണത്തിന് സര്‍വകലാശാല സിന്‍ഡിക്കേറ്റ് സബ് കമ്മിറ്റിയെ ചുമതലപ്പെടുത്തി.