കണ്ണൂർ: സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റിയിൽനിന്നും പുറത്താക്കിയ മനു തോമസിനെതിരെ വക്കീൽ നോട്ടീസ് അയച്ച് പി. ജയരാജന്റെ മകൻ ജെയ്ൻ രാജ്. പി. ജയരാജനും തനിക്കുമെതിരെ മനു തോമസ് അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്ന്‍ രാജ് നിയമനടപടി സ്വീകരിച്ചിരിക്കുന്നത്. 50 ലക്ഷം രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ടാണ് വക്കീല്‍ നോട്ടീസ് അയച്ചിരിക്കുന്നത്.
അതേസമയം മനു തോമസിന് പോലീസ് സംരക്ഷണം ഏര്‍പ്പെടുത്താന്‍ കണ്ണൂർ ജില്ലാ പോലീസ് മേധാവി ആലക്കോട് പോലീസിന് നിര്‍ദേശം നല്കി. മനുവിന്റെ വീടിനും വ്യാപാരസ്ഥാപനങ്ങള്‍ക്കുമാണ് സംരക്ഷണം ഏർപ്പെടുത്തുക. രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നിര്‍ദേശം.
ഫേസ്ബുക്കിലൂടെ വധഭീഷണി ഉള്‍പ്പടെ വന്ന സാഹചര്യത്തിലാണ് പോലീസ് സംരക്ഷണം ഏർപ്പെടുത്താനുള്ള തീരുമാനം. എന്നാൽ സുരക്ഷ വേണ്ടെന്ന് പോലീസിനെ മനു അറിയിച്ചിരുന്നു.
സിപിഎം നേതാവ് പി.ജയരാജനും മകനുമെതിരെ ഗുരുതര ആരോപണവുമായി മനു രംഗത്തെത്തിയിരുന്നു. ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ് ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് വേണ്ടിയാണ്. ജയരാജന്റെ മകന് സ്വര്‍ണം പൊട്ടിക്കലിന്റെ കോര്‍ഡിനേറ്ററാണ്. ഇയാളാണ് റെഡ് ആര്‍മിക്ക് പിന്നിലെന്നും മനു തോമസ് ആരോപിച്ചിരുന്നു.
ഇതിനു പിന്നാലെ ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി അടക്കമുള്ളവർ മനുവിനെതിരേ ഭീഷണിയുമായി രംഗത്തെത്തിയിരുന്നു.