കണ്ണൂർ: കണ്ണൂർ ജില്ലയിലെ വളപട്ടണത്ത് വ്യാപാരിയുടെ വീട്ടിൽ വൻകവർച്ച. വളപട്ടണം മന്ന സ്വദേശി അഷ്‌റഫിന്റെ വീട്ടിൽ നിന്ന് ഒരു കോടി രൂപയും 300 പവനും മോഷണം പോയതായി പരാതി. അഷ്‌റഫും കുടുംബവും യാത്ര പോയിരുന്ന സമയത്താണ് കവർച്ചയുണ്ടായത്.
കഴിഞ്ഞ 19ന് മധുരയിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയതായിരുന്നു അഷ്‌റഫും കുടുംബവും. ഇന്നലെ രാത്രിയാണ് ഇവർ തിരികെയെത്തിയത്. വീട്ടിലെത്തിയപ്പോഴാണ് മോഷണം അറിഞ്ഞത്. വീട്ടിലെ കിടപ്പുമുറിക്കുള്ളിലെ ലോക്കറിനുള്ളിൽ നിന്നാണ് പണവും സ്വർണവും കവർന്നത്.
മതിൽ ചാടിക്കടന്ന് അടുക്കളഭാഗത്തെ ജനൽ തകർത്താണ് മോഷ്ടാക്കൾ അകത്ത് കയറിയത്. സി സി ടി വി ക്യാമറകളിൽ മോഷ്ടാക്കൾ മുഖം മറച്ചാണുള്ളത്.
അരി മൊത്തവ്യാപാരിയാണ് അഷ്‌റഫ്. കലക്ഷൻ വരുന്ന പണമാണ് വീട്ടിൽ സൂക്ഷിച്ചിരുന്നത്. സാധാരണ ബാങ്കിൽ അടക്കാറാണ് പതിവ്. എന്നാൽ, യാത്ര പോയതിനെ തുടർന്ന് പണം വീട്ടിൽ വെച്ച് പോയതാണെന്ന് പറയുന്നു. ലോക്കറിന്റെ താക്കോൽ മറ്റൊരു അലമാരിയിൽ വെച്ച് പൂട്ടി ആ അലമാരയുടെ താക്കോൽ മറ്റൊരു അലമാരയിലാണ് വെച്ചിരുന്നതെന്നും പറഞ്ഞു.
പോലീസും ഡോഗ് സ്‌ക്വാഡും സംഭവ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മൂന്നംഗ സംഘമാണ് കവർച്ചയ്ക്കു പിന്നിലെന്നാണ് സൂചന. സംഭവത്തിൽ പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി പോലീസ് വ്യക്തമാക്കി.