കൊച്ചി ∙ ചലച്ചിത്രതാരം കലാഭവൻ നവാസിന്റെ (51) മരണം ഹൃദയാഘാതം മൂലമാണെന്ന് കളമശ്ശേരി മെഡിക്കൽ കോളേജിൽ നടത്തിയ പോസ്റ്റ്മോർട്ടം സ്ഥിരീകരിച്ചു. വെള്ളിയാഴ്ച രാത്രി 8 മണിയോടെ നവാസിന് ഹൃദയാഘാതമുണ്ടായെന്നും, മുമ്പും ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ ഉണ്ടായിരുന്നതായും റിപ്പോർട്ടിൽ സൂചനയുണ്ട്. നെഞ്ചുവേദന അനുഭവപ്പെട്ട് ഹോട്ടൽ മുറിയിൽനിന്ന് പുറത്തിറങ്ങി സഹായം തേടാനുള്ള ശ്രമത്തിനിടെ കുഴഞ്ഞുവീണതാണ് നവാസെന്നാണ് നിഗമനം. വീഴ്ചയിൽ തലയിൽ മുറിവേറ്റു; ഹോട്ടൽ മുറിയുടെ വാതിൽ ലോക്ക് ചെയ്യാതെ തുറന്ന നിലയിലായിരുന്നു.
വിജേഷ് പാണത്തൂർ സംവിധാനം ചെയ്യുന്ന ‘പ്രകമ്പനം’ സിനിമയുടെ ചിത്രീകരണത്തിനായാണ് നവാസ് ചോറ്റാനിക്കരയിലെ ഹോട്ടലിൽ തങ്ങിയിരുന്നത്. 25 ദിവസമായി മറ്റ് താരങ്ങൾക്കൊപ്പം ഇവിടെ താമസിച്ചിരുന്ന അദ്ദേഹം, ചിത്രീകരണം പൂർത്തിയാക്കി വീട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലായിരുന്നു.
ഷൂട്ടിങ് സെറ്റിൽ നവാസിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നതായി നടൻ വിനോദ് കോവൂർ ഫെയ്സ്ബുക്കിൽ കുറിച്ചു. ഡോക്ടറെ വിളിച്ചെങ്കിലും, ഷൂട്ടിങ് മുടങ്ങേണ്ടെന്ന് കരുതി നവാസ് തുടർന്ന് അഭിനയിച്ചു. രാത്രി 8 മണിയോടെ ചെക്ക് ഔട്ട് ചെയ്യുമെന്ന് ഹോട്ടൽ അധികൃതരെ അറിയിച്ചിരുന്നെങ്കിലും, 8:30 കഴിഞ്ഞിട്ടും കാണാതായതോടെ റിസപ്ഷനിൽനിന്ന് ഫോണിൽ വിളിച്ചു. പ്രതികരണമില്ലാതെ വന്നപ്പോൾ, റൂം ബോയ് പരിശോധിച്ചപ്പോൾ നവാസിനെ വാതിലിനോട് ചേർന്ന് നിലത്ത് വീണുകിടക്കുന്നതാണ് കണ്ടത്.