കണ്ണൂർ – ഇടത് കോട്ടകളെ ഞെട്ടിച്ച് കെ. സുധാകരന് കണ്ണൂരിൽ മിന്നുന്ന വിജയം. മുഖ്യമന്ത്രിയുടെ ബൂത്തിലടക്കം സുധാകരൻ മികച്ച ഭൂരിപക്ഷം നേടി. കണ്ണൂർ പാർലമെന്റ് മണ്ഡലത്തിൽ സുധാകരന്റെ മൂന്നാമൂഴമാണ്. 1, 08, 982 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് സുധാകരൻ വിജയിച്ചത്.
കെ. സുധാകരന് 5,18,524 വോട്ടും, സി. പി.എം സ്ഥാനാർഥി എം വി ജയരാജന് 409542 വോട്ടും, എൻ. ഡി. എ സ്ഥാനാർഥി സി.രഘുനാഥിന് ലഭിച്ചത് 1,19,876 വോട്ടുമാണ് ലഭിച്ചത്. കെ.പി.സി.സി പ്രസിഡന്റുകൂടിയായ കെ സുധാകരന്റെ വിജയം യുഡിഎഫിന് കൂടുതൽ ആവേശമായി. എതിർ സ്ഥാനാർഥിയായ എൽഡിഎഫിന്റെ എംവി ജയരാജന് എതിരെ 1, 08, 982 വോട്ടിന്റെ ലീഡിലാണ് വിജയം. ഇത് മൂന്നാം തവണയാണ് കെ സുധാകരൻ കണ്ണൂർ മണ്ഡലത്തിൽ വിജയിക്കുന്നത്. തുടർച്ചയായി രണ്ടാം തവണയും.
കടുത്ത പോരാട്ടം പ്രതീക്ഷിച്ചിരുന്ന കണ്ണൂരിൽ സുധാകരന് വെല്ലുവിളിയുയർത്താൻ സിപിഎം ജില്ലാ സെക്രട്ടറിക്ക് സാധിച്ചില്ലെന്നാണ് തെരഞ്ഞെടുപ്പു ഫലം നൽകുന്ന സൂചന. സ്ഥാനാർഥിയും മുന്നണിയും പോലും പ്രതീക്ഷിക്കാത്ത വിജയമാണ് ഇത്തവണ സുധാകരനെ തേടിയെത്തിയത്.
സ്ഥാനാർഥി നിർണയം മുതൽ വോട്ടെടുപ്പുവരെ ആധിപത്യം പുലർത്തിയിരുന്ന എം വി ജയരാജന് ഇടതുമുന്നണി പ്രതീക്ഷിച്ച തരത്തിലുള്ള മുന്നേറ്റം കാഴ്ചവെക്കാനായില്ല. എല്ലാ നിയമസഭാ മണ്ഡലങ്ങളിലും വ്യക്തമായ ആധിപത്യത്തോടെയാണ് സുധാകരൻ മുന്നോട്ട് കുതിച്ചത്.
ആദ്യ ഘട്ടത്തിൽ ലീഡെടുത്തതൊഴിച്ചാൽ പിന്നീട് ഒരു ഘട്ടത്തിലും എം വി ജയരാജന് സുധാകരനെ മറികടക്കാനായില്ല.
ഓരോ റൗണ്ട് കഴിയുമ്പോഴും സുധാകരൻ ലീഡ് ഉയർത്തിക്കൊണ്ടിരിക്കുകയായിരുന്നു. ആദ്യ റൗണ്ടിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മണ്ഡലത്തിലടക്കം ലീഡ് നേടിയാണ് സുധാകരൻ കുതിച്ചത്. ഇടതുകോട്ടയായ ധർമടത്തെ ഈ ലീഡ് സി.പിഎമ്മിന് കനത്ത ആഘാതമായി. ഇടതുകോട്ടകളിലടക്കം മുന്നേറ്റം നടത്തിയാണ് കെ സുധാകരൻ വിജയക്കൊടി പാറിച്ചത്. ജില്ലാ സെക്രട്ടറിയെ തന്നെ കളത്തിലിറക്കി മണ്ഡലം തിരിച്ചിപിടിക്കാനൊരുങ്ങിയ സിപിഎമ്മിന് കനത്ത തിരിച്ചടിയായി ഈ വിജയം.
2019 നെ അപേക്ഷിച്ച് സുധാകരന് ഏറെ തിരിച്ചടികളെ നേരിടേണ്ടി വന്ന തെരഞ്ഞെടുപ്പു കൂടിയായിയായിരുന്നു ഇത്. കെ. പി. സി.സി പ്രസിഡണ്ടെന്ന നിലയിൽ ഭാരിച്ച ഉത്തരവാദിത്തമുള്ളതിനാൽ മത്സരിക്കാനില്ലെന്ന നിലപാടിലായിരുന്നു സുധാകരൻ. എന്നാൽ മണ്ഡലം നിലനിർത്താൻ സുധാകരൻ തന്നെ മത്സരിക്കണമെന്ന് ഹൈക്കമൻഡ് നിർദേശിക്കുകയായിരുന്നു. ഈ സമയത്ത് എതിർ സ്ഥാനാർഥി പ്രചരണത്തിൽ ബഹുദൂരം മുന്നിലെത്തിയിരുന്നു.
സുധാകരൻ ബി. ജെ. പിയിലേക്ക് പോകുമെന്ന പ്രചാരണം ശക്തമാക്കി ന്യൂനപക്ഷ വോട്ടുകൾ സമാഹരിക്കാനുള്ള നീക്കവും നടത്തി. ഒരു ഘട്ടത്തിൽ സുധാകരൻ കണ്ണൂരിൽ പരാജയപ്പെടുമെന്ന പ്രതീതി പോലും സൃഷ്ടിക്കാൻ സി. പി. എമ്മിന്റെ പ്രചരണ സംവിധാനങ്ങൾക്ക് സാധിച്ചു. എന്നാൽ മുസ് ലിം ലീഗ് അടക്കമുള്ള ഘടകക്ഷികളുടെ പൂർണ്ണ പിൻതുണ ലഭിച്ചതോടെ കഴിഞ്ഞ തെരഞ്ഞെടുപ്പിനെക്കാളും വലിയ വിജയം സുധാകരന് നേടാനായി.