കണ്ണൂർ– ലോക്സഭാ തിരഞ്ഞെടുപ്പിലെ വോട്ട് ക്രമക്കേട് ആരോപണങ്ങൾ ശക്തമായതിന് പിന്നാലെ കേന്ദ്രമന്ത്രി സുരേഷ് ഗോപിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് കെ. സുധാകരൻ. തൃശ്ശൂരിൽ തെളിവുകൾ സഹിതം ക്രമക്കേട് വിവരങ്ങൾ പുറത്തുവന്നിട്ടുണ്ടെന്നും, ഇത്തരം “നാണംകെട്ട” വഴികളിലൂടെ എംപിയാകുന്നതിനേക്കാൾ ഭേദം “കഴുത്തിൽ കയർ കെട്ടി തൂങ്ങുന്നത്” ആണെന്നും സുധാകരൻ പരിഹസിച്ചു.
ഇത്രയധികം തെളിവുകളോടെ ഉയർന്ന ആരോപണങ്ങൾ ഉൾക്കൊള്ളാൻ മനസ്സുള്ളവനായിരിക്കണം സുരേഷ് ഗോപിയെന്ന് സുധാകരൻ ആവശ്യപ്പെട്ടു. “സുരേഷ് ഗോപിയോട് വ്യക്തിപരമായ വിരോധമില്ല, അദ്ദേഹം എംപിയായതിൽ പരാതിയുമില്ല. പക്ഷേ, ഇത്തരം നിന്ദ്യമായ മാർഗങ്ങളിലൂടെ എംപിയാകുന്നത് ശരിയല്ല. തെളിവുകൾ വന്ന സാഹചര്യത്തിൽ, ജനങ്ങളോട് ക്ഷമ ചോദിച്ച് അദ്ദേഹം രാജിവെക്കണം,” സുധാകരൻ വ്യക്തമാക്കി.
രാഹുൽ ഗാന്ധി ഉന്നയിച്ച ആരോപണങ്ങൾ തെറ്റാണെന്ന് നെഞ്ചിൽ കൈവെച്ച് പറയാൻ ബിജെപി നേതാക്കൾക്ക് ധൈര്യമുണ്ടോയെന്നും സുധാകരൻ ചോദിച്ചു.
ഇതിനിടെ സുരേഷ് ഗോപിക്ക് പിന്തുണയുമായി ബിജെപി നേതാവ് കെ.സുരേന്ദ്രൻ രംഗത്തെത്തി.എല്‍ഡിഎഫിനും യുഡിഎഫിനും സുരേഷ്‌ഗോപിയുടെ വിജയം അംഗീകരിക്കാനാകാത്തത് മനസിലെ മാലിന്യംകൊണ്ടാണെന്നും തോറ്റം തുന്നംപാടിയിട്ടും ഇരുമുന്നണികളും ഇപ്പോഴും ജനങ്ങളെ പല്ലിളിച്ച് കാണിക്കുകയാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.