കണ്ണൂർ – ജാവദേക്കർ ചായ കുടിക്കാൻ പോകാൻ ജയരാജൻ്റെ വീട് ചായക്കടയാണോയെന്ന് കെ.പി.സി.സി പ്രസിഡണ്ട് കെ.സുധാകരൻ. കണ്ണൂരിൽ മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സുധാകരൻ. ബി.ജെ.പിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനറും സിപിഎം നേതാവുമായ ഇ.പി ജയരാജൻ ഗൾഫിൽ വച്ച് ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന ആരോപണത്തിൽ ഉറച്ചുനിൽക്കുന്നതായി കെ.സുധാകരൻ ആവർത്തിച്ചു.
‘ഇപിക്കെതിരായ ആരോപണത്തിൽ ഞാൻ ഉറച്ചുനിൽക്കുന്നു. ബി.ജെ.പി നേതാവ് പ്രകാശ് ജാവഡേക്കർ ചായ കുടിക്കാൻ ഇ.പിയുടെ വീട്ടിൽ പോകാൻ ഇ.പിയുടെ വീട് ചായപ്പീടികയാണോ? പൂർവകാല ബന്ധമില്ലാതെ ഒരാൾ മറ്റൊരാളിന്റെ വീട്ടിൽ ചായ കുടിക്കാൻ പോകുമോ?, ചായപ്പീടികയിൽ പോയതല്ലല്ലോ, ജയരാജൻ ചായപ്പീടിക നടത്തിയിട്ടുണ്ടോ? അദ്ദേഹം പാർട്ടിയിൽ നിന്ന് പോകുന്നതിൽ എനിക്ക് എന്താണ് പ്രശ്‌നം. എന്റെ വീട്ടിൽ നിന്ന് പോകുന്നത് പോലെയാണല്ലോ ചോദ്യം’- സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു.
“കച്ചവടം നടന്നില്ലേ? വലിയ ഒരു സ്ഥാപനം ഷെയർ ചെയ്ത് കൊടുത്തില്ലേ, അത് ചുമ്മാ കൊടുത്തതാണോ, അല്ലല്ലോ, പറയുമ്പോൾ വ്യക്തത വേണം. എനിക്ക് അദ്ദേഹത്തെ പ്രതിക്കൂട്ടിൽ നിർത്തണമെന്ന് ആഗ്രഹം ഒന്നുമില്ല. ഞാൻ അറിഞ്ഞ കാര്യങ്ങൾ വെളിപ്പെടുത്തി എന്നല്ലാതെ ഒന്ന് ആഡ് ചെയ്തോ അദ്ദേഹത്തെ ഒന്ന് നാറ്റിക്കാമോ എന്നൊന്നും കരുതിയല്ല പറഞ്ഞത്.
അദ്ദേഹത്തിനെതിരെ ആരോപണങ്ങൾ ഉയർന്നപ്പോൾ അദ്ദേഹം പ്രതികരിക്കാതിരുന്നപ്പോൾ ഞാൻ പറഞ്ഞു എന്നുമാത്രം. എന്നാൽ എനിക്ക് കിട്ടിയ വിവരമൊക്കെ യാഥാർഥ്യമാണ്. ആ വിവരങ്ങളൊക്കെ സത്യസന്ധമാണ് എന്ന് ഞാൻ വിശ്വസിക്കുന്നു. – സുധാകരൻ പറഞ്ഞു.
നിയമനടപടികളുമായി അദ്ദേഹം മുന്നോട്ടുപോയിക്കൊട്ടെ. ഒരു പ്രശ്നവുമില്ല. അദ്ദേഹം തന്നെ പറഞ്ഞല്ലോ കണ്ടു വന്നു എന്നൊക്കെ. അതിന് അപ്പുറത്തല്ലേ നിയമം ഉള്ളൂ. അതിന് കുഴപ്പമില്ല.’– സുധാകരൻ പറഞ്ഞു.