തിരുവനന്തപുരം: കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധിയുടെയും പ്രിയങ്കാ ഗാന്ധിയുടെയും വിജയം വർഗീയ ചേരികളുടെ പിന്തുണയിലാണെന്ന സി.പി.എം നേതാവ് എ വിജയരാഘവന്റെ പ്രസ്താവനയിൽ രൂക്ഷ വിമർശവുമായി മുതിർന്ന കോൺഗ്രസ് നേതാവ് കെ മുരളീധരൻ.
ആർ.എസ്.എസ് നേതാവ് മോഹൻ ഭാഗവത് പോലും പറയാത്ത കാര്യങ്ങളാണ് വിജയരാഘവൻ പറയുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. മോഹൻ ഭാഗവത് വിജയരാഘവനെ കണ്ടാൽ കാലിൽ വീഴുമെന്നും കെ മുരളീധരൻ പരിഹസിച്ചു.
വിജയരാഘവൻ ബി.ജെ.പി നേതാവായ മട്ടിലാണ് പ്രതികരിക്കുന്നത്. ബി.ജെ.പിയും സി.പി.എമ്മും തമ്മിൽ അന്തർധാര സജീവമാണെന്നും കെ മുരളീധരൻ പറഞ്ഞു.
തൃശൂർ പൂരം കലക്കൽ വിവാദത്തിൽ എ.ഡി.ജി.പി അജിത്കുമാർ തയ്യാറാക്കിയ റിപോർട്ടിനെയും കെ മുരളീധരൻ വിമർശിച്ചു. പൂരം കലക്കിയവർ തന്നെയാണ് റിപോർട്ട് ഉണ്ടാക്കിയത്. തിരുവമ്പാടി പാറമേക്കാവ് ദേവസ്വങ്ങളെ കുറ്റപ്പെടുത്തുന്ന ഒരു റിപോർട്ടും താൻ അംഗീകരിക്കില്ല. കള്ളനെ അറസ്റ്റ് ചെയ്യുന്നതിന് പകരം അന്വേഷണ ചുമതല ഏൽപ്പിച്ചാൽ ഇങ്ങനെയിരിക്കുമെന്നും അജിത് കുമാർ തന്നെയാണ് പൂരം കലക്കാൻ മുന്നിൽ നിന്നതെന്നും കെ മുരളീധരൻ വ്യക്തമാക്കി.