തിരുവനന്തപുരം– മുസ്‌ലിം ലീഗ് നേതാവ് കെ.എം. ഷാജിക്കെതിരെ കടുത്ത വിമർശനവും പരിഹാസവുമായി സിപിഎം നേതാവ് എ.കെ. ബാലൻ. ഷാജിക്ക് ഇപ്പോൾ നല്ല മാറ്റമുണ്ടെന്ന് പരിഹസിച്ച അദ്ദേഹം, ഷാജിയുടെ ഇപ്പോഴത്തെ നിലപാടുകൾ യുഡിഎഫിന് അനുകൂലമല്ലെന്നും മറിച്ച് ബിജെപിക്കാണ് ഗുണം ചെയ്യുന്നതെന്നും കുറ്റപ്പെടുത്തി. കെ.എം. ഷാജി ബിജെപിക്കും ആർഎസ്എസിനും അടിമപ്പെടുകയാണ്. കേന്ദ്ര സർക്കാരിനെതിരെ ഒന്നും പറയാൻ ഷാജിയും യുഡിഎഫും തയ്യാറാകുന്നില്ല. ‘മതമാണ്, മതമാണ്, മതമാണ് പ്രശ്നം’ എന്നത് മാത്രമായി ഇനിയവർ ഭേദഗതി ചെയ്താൽ മതിയെന്നും ബാലൻ പരിഹസിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ സംഘികളുടെ ആളാണെന്ന് ഇവർ വ്യാപകമായി പ്രചരിപ്പിച്ചു. എന്നാൽ അതിനുള്ള ശക്തമായ തിരിച്ചടിയാണ് ഇപ്പോൾ യുഡിഎഫിന് ലഭിച്ചുകൊണ്ടിരിക്കുന്നതെന്നും എ.കെ. ബാലൻ വ്യക്തമാക്കി.
സംസ്ഥാന സർക്കാരിന്റെ നയപ്രഖ്യാപനത്തിന് മുമ്പ് ധനബിൽ അവതരിപ്പിക്കരുതെന്നും എ.കെ. ബാലൻ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ നിയമസഭാ സ്പീക്കർ അടിയന്തരമായി ഇടപെട്ട് തടയണം. വീര്യം കുറഞ്ഞ മദ്യത്തിന് നികുതിയിളവ് നൽകുന്നത് ഒഴിവാക്കിക്കൊണ്ട് ധനബില്ല് അവതരിപ്പിക്കാവുന്നതാണ്. ധനബിൽ സഭയിൽ പാസായാൽ അത് നിയമമായി മാറും. എക്സൈസ് മന്ത്രി ഇക്കാര്യത്തിൽ പറഞ്ഞ നിലപാടുകൾ നിയമപരമായി ശരിയല്ലെന്നും ബാലൻ കൂട്ടിച്ചേർത്തു. ധനബിൽ പാസാക്കിക്കഴിഞ്ഞാൽ എക്സൈസ് വകുപ്പിന് മുന്നിൽ വരുന്ന അപേക്ഷകൾ തള്ളിക്കളയാൻ കഴിയില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.



