കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ ഓഫീസിനും അഭ്യന്തര വകുപ്പിനും സി.പി.എമ്മിനുമെതിരായ നിലമ്പൂർ എം.എൽ.എ പി.വി അൻവറിന്റെ പുതിയ നിലപാടിനെ പ്രശംസിച്ച് മുസ്‌ലിം ലീഗ് നേതാവ് കെ.എം ഷാജി.
പി.വി അൻവർ കൊള്ളാവുന്ന കാര്യം പറഞ്ഞാൽ സ്വീകരിക്കും. ധീരമായ നിലപാടുമായാണ് അൻവർ നീങ്ങുന്നത്. അൻവറിന്റെ പാർട്ടി ലീഗിന് വെല്ലുവിളിയല്ല. അൻവർ അഴിമതിക്കാരനാണെന്ന് ഞങ്ങൾ പറഞ്ഞിട്ടില്ല. അൻവർ പാർട്ടി ഉണ്ടാക്കി യു.ഡി.എഫുമായി സഹകരണം തേടിയാൽ സ്വാഗതം ചെയ്യുമെന്നും അദ്ദേഹം പ്രതികരിച്ചു.
ഞങ്ങൾ വളരെ നേരത്തെ ചൂണ്ടിക്കാട്ടിയ കാര്യങ്ങളാണ് അൻവർ പറയുന്നതെങ്കിലും അത് പറയാൻ കാണിച്ച ആർജവത്തെ നിസ്സാരമായി കാണാനാവില്ല. അതിനെ ആദരപൂർവം മാനിക്കുന്നു. ഇപ്പോഴെങ്കിലും തിരിച്ചറിഞ്ഞല്ലോ. പലർക്കും ഇപ്പോഴുമത് സാധിച്ചിട്ടില്ല. അവർ അടിമജീവിതം നയിക്കുമ്പോൾ അൻവർ വൈകിയെങ്കിലും പറഞ്ഞതിനെ ഹൃദയപൂർവം അഭിവാദ്യം ചെയ്യുന്നു. അൻവർ ചില വസ്തുതകൾ പറഞ്ഞപ്പോൾ മുഖ്യമന്ത്രിക്ക്, സി.പി.എമ്മിന് തടുക്കാനായില്ല. ഇപ്പോൾ അയാളെ തീവ്രവാദിയും മതമൗലികവാദിയുമാക്കുകയാണെന്നും ഷാജി പറഞ്ഞു.
പുറത്തുവന്ന ആരോപണങ്ങളിൽ യഥാർത്ഥ പ്രതി മുഖ്യമന്ത്രിയാണ്. അതല്ലാതെ പിണറായിയുടെ ഓഫീസോ ശശിയോ അജിത് കുമാറോ സുജിത് ദാസോ അല്ല. മുഖ്യമന്ത്രി രാജിവെച്ച് മാറണം. സി.പി.എമ്മിന്റെ അവസാന മുഖ്യമന്ത്രിയാകും പിണറായി. ഓഫീസിലെ ആളുകൾ മാറിയാൽ മുഖ്യമന്ത്രിക്ക് വേറെ ആളുകളെ കിട്ടും. എം ശിവശങ്കരന് പകരം പി ശശിയെ കിട്ടിയപോലെ. കൊള്ളരുതായ്മയ്ക്ക് എല്ലാ കാലത്തും പിണറായിക്ക് ഒത്ത കള്ളന്മാരെ കിട്ടിയിട്ടുണ്ട്.
പിണറായിക്ക് വക്കാലത്തു പറയുന്ന റിയാസിന്റേത് മരുമകന്റെ പ്രതികരണമായി മാത്രമേ കാണാനാവൂവെന്നും അദ്ദേഹം പറഞ്ഞു. പ്രതിപക്ഷ സമരങ്ങൾക്കു വീര്യം പോരെന്ന വിമർശം ഉണ്ടെകിൽ, പരിശോധിക്കപ്പെടണം. സമരവീര്യം അല്ല, നിലവിലെ പ്രശ്ങ്ങളെ കുറിച്ചു ജനങ്ങളെ ബോധവത്കരിക്കുക എന്നതാണ് പ്രധാനം. അത് നടക്കുന്നുണ്ടെന്നും ഷാജി വ്യക്തമാക്കി.