പത്തനംതിട്ട: കണ്ണൂർ എ.ഡി.എം ആയിരുന്ന നവീൻ ബാബുവിന്റെ മരണത്തിൽ ഒരുപാട് ദുരൂഹതകളുണ്ടെന്നും ആത്മഹത്യയാണെന്നതിന് ഒരു തെളിവും ഇതുവരെ ലഭിച്ചിട്ടിട്ടെന്നും ആർ.എം.പി നേതാവും വടകര എം.എൽ.എയുമായ കെ.കെ രമ പറഞ്ഞു. മലയാലപ്പുഴയിൽ നവീൻ ബാബുവിന്റെ വീട്ടിലെത്തി ബന്ധുക്കളെ കണ്ട ശേഷമായിരുന്നു അവരുടെ പ്രതികരണം.
മരണം ആത്മഹത്യയല്ലെന്ന് തെളിയിക്കുന്ന ഒരുപാട് സൂചനകൾ, കാരണങ്ങൾ നമ്മുടെ മുമ്പിലുണ്ട്. എന്നാൽ, അന്വേഷണം ആ മേഖലയിലേക്ക് പോകുന്നില്ലെന്നും പി.പി ദിവ്യയുടെ പരാമർശത്തിൽ യാതൊരു കുഴപ്പവുമില്ലെന്ന് തെളിയിക്കാൻ സിപിഎം ശ്രമിച്ചുകൊണ്ടിരിക്കുകയാണെന്നും കെ.കെ രമ പറഞ്ഞു.
ദിവ്യയുടെ സംസാരം ഒരു പെട്രോൾ പമ്പിന് എൻ.ഒ.സി കിട്ടാത്തത് കൊണ്ടാണെന്ന് കരുതുന്നില്ല. മറ്റെന്തോ ലക്ഷ്യം ദിവ്യയുടെ സംസാരത്തിലുണ്ട്. മറ്റെന്തോ കാര്യം നവീൻ ബാബുവിന്റെ ഇടപെടലിൽ അവർക്ക് സാധിക്കാതെ പോയിട്ടുണ്ട്. കേരളത്തിലെ പോലീസ് അന്വേഷിച്ചാൽ കേസ് തെളിയില്ല. ഇക്കാര്യം ബന്ധുക്കളോട് സംസാരിച്ചെങ്കിലും അവർ പോലീസിനെ വിശ്വസിച്ചാണ് മുന്നോട്ട് പോകുന്നതെന്നും രമ വെളിപ്പെടുത്തി.
എ.ഡി.എമ്മിനെ വാഹനത്തിൽ കൊണ്ടുപോയി ഇറക്കി വിട്ടുവെന്നാണ് ഡ്രൈവർ പറഞ്ഞത്. എ.ഡി.എം സുഹൃത്തിനെ കണ്ട് സംസാരിച്ചുവെന്നും മൊഴിയുണ്ട്. ഈ സുഹൃത്തിന്റെ ഫോൺ കോളുകൾ പരിശോധിച്ചോ? ഇത് ആത്മഹത്യയാണെന്ന് നമുക്ക് വിശ്വസിക്കാൻ സാധിക്കാത്തത് ഇതുകൊണ്ടൊക്കെയാണ്. വലിയ ഗൂഢാലോചന നടന്നിട്ടുണ്ട്. ടി.പി ചന്ദ്രശേഖരൻ കേസിലടക്കം പ്രതികൾക്കായി വാദിച്ച അഡ്വക്കേറ്റ് വിശ്വനാണ് ദിവ്യയുടെ കേസും വാദിക്കുന്നത്. കേസിൽ പുറത്ത് നിന്നുള്ള ഏജൻസി അന്വേഷണം നടത്തണമെന്നാണ് പാർട്ടിയുടെ ആവശ്യമെന്നും കെ.കെ രമ വ്യക്തമാക്കി.