ന്യൂഡല്‍ഹി– മുന്‍ കേരള മുഖ്യ മന്ത്രി വിഎസ് അച്യുതാനന്ദന്റെ വിവാദപരമായ പത്ര സമ്മേളനത്തില്‍ എംസിഎ നാസര്‍ ഉന്നയിച്ച ചോദ്യം പോപുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധനത്തെക്കുറിച്ചല്ലെന്ന് മാധ്യമ പ്രവര്‍ത്തകനായ കെ എ സലിം. 2010ല്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ താനുമുണ്ടായിരുന്നെന്നും അന്ന് ചോദിച്ചത് കൈവെട്ട് സംഭവത്തിന് ശേഷം കേരളത്തില്‍ നടപ്പാക്കിയ പോലീസ് രാജിനെ കുറിച്ചായിരുന്നെന്നും അദ്ദേഹം അവകാശപ്പെട്ടു.
ദേശീയ മനുഷ്യാവകാശ കമ്മിഷന് കേരളാ പോലീസിനോട് വിശദീകരണം ചോദിച്ച സാഹചര്യം വരെയുണ്ടായ സംഭവത്തെ കുറിച്ചാണ് എംസിഎ നാസര്‍ ചോദിച്ചത്. അതിനെ ന്യായീകരിക്കാനാണ് വി.എസ് 20 വര്‍ഷം കൊണ്ട് കേരളം മുസ്ലിം രാഷ്ട്രമാക്കാനുള്ള നുണ പറഞ്ഞത്. സംശയമുള്ളവര്‍ക്ക് അന്നത്തെ പത്രം പരിശോധിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഈ കാര്യങ്ങള്‍ പങ്കുവെച്ചത്. അന്നത്തെ വിഎസിന്റെ ഇന്റന്‍ഷന്‍ ഒട്ടും ഹോണറബിള്‍ ആയിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
കേരളത്തെ മുസ് ലിം ഭൂരിപക്ഷമാക്കാനുള്ള ഗൂഡാലോചനയെന്ന വി.എസ് അച്യൂതാനന്ദന്റെ ഡല്‍ഹി കേരളാ ഹൗസിലെ വിവാദ വാര്‍ത്താസമ്മേളനത്തില്‍ ഞാനുമുണ്ടായിരുന്നു. അതെക്കുറിച്ചുള്ള എം.സി.എ നാസറിന്റെ കുറിപ്പ് വായിച്ചു. ചോദ്യം ഉന്നയിച്ചത് നാസറാണ്. എന്നാല്‍ ചോദ്യം പോപ്പുലര്‍ ഫ്രണ്ടിന്റെ ഫ്രീഡം പരേഡ് നിരോധനെത്തെക്കുറിച്ചായിരുന്നില്ല. കൈവെട്ട് സംഭവത്തിന് ശേഷം കേരളത്തില്‍ പൊലിസ് രാജായിരുന്നു.
ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളാണ് നടന്നത്. പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരുടെ വീടുകളില്‍ക്കയറി പൊലിസ് സ്ത്രീകളെയും കുഞ്ഞുങ്ങളെയും ഉപദ്രവിച്ചു. രാത്രികളില്‍ വാറണ്ട്പോലുമില്ലാതെ വീടുകളില്‍ക്കയറി നിരങ്ങി. ഇതെക്കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷന് കേരളാ പൊലിസിനോട് വിശദീകരണം ചോദിച്ച സാഹചര്യം വരെയുണ്ടായി.
അന്ന് മനുഷ്യാവകാശ കമ്മിഷന് പരാതി നല്‍കിയ വിരോധം തീര്‍ക്കാന്‍ പോപ്പുലര്‍ ഫ്രണ്ട് അനുഭാവി പോലുമല്ലാത്ത അഡ്വക്കറ്റ് എന്‍.എം സിദ്ധീഖിനെ വരെ കേസില്‍ കുടുക്കി ഒരു മാസം തടവിലിട്ടു. ഫ്രീഡം പേരഡ് നിരോധനമൊക്കെ ഇതിന്റെ അനുബന്ധമായി സംഭവിച്ച കാര്യം മാത്രമാണ്. നാസറിന്റെ ചോദ്യം ഈ മനുഷ്യാവകാശ ലംഘനത്തെക്കുറിച്ചായിരുന്നു. അതിനെ ന്യായീകരിക്കാനാണ് വി.എസ് 20 വര്‍ഷം കൊണ്ട് മുസ്‌ലിം രാഷ്ട്രമാക്കാനുള്ള നീക്കമെന്ന നുണ പറഞ്ഞത്.
ഫ്രീഡം പേരഡ് നിരോധനത്തെക്കുറിച്ചായിരുന്നു ചോദ്യമെന്നെല്ലാം വാദിക്കുന്നത് അന്ന് വി.എസ്സിന് കീഴില്‍ പൊലിസ് നടത്തിയ നരനായാട്ടും വി.എസ് അതിനെ ന്യായീകരിച്ചതും മറച്ചുവയ്ക്കാനാണ്. സംശയമുള്ളവര്‍ക്ക് അന്നത്തെ വാര്‍ത്താസമ്മേളനത്തിന്റെ ചോദ്യം ഉള്‍പ്പെടെയുള്ള ഭാഗം പരിശോധിക്കാം. അല്ലെങ്കില്‍ നാസര്‍ തന്നെ റിപ്പോര്‍ട്ട് ചെയ്ത മാധ്യമത്തിലെ ഇതെക്കുറിച്ചുള്ള വാര്‍ത്തയും പരിശോധിക്കാം. ആ റിപ്പോര്‍ട്ടില്‍ നിന്ന് തന്നെ ചോദ്യം എന്തായിരുന്നു എന്നും വ്യക്തമാണ്. റിപ്പോര്‍ട്ട് സമൂഹമാധ്യമങ്ങളില്‍ കറങ്ങുന്നുണ്ട്.
വി.എസിന്റെ ഉത്തരത്തില്‍ നിന്ന് അദ്ദേഹത്തിന്റെ ഇന്റന്‍ഷന്‍ ഒട്ടും ഹോണറബിള്‍ ആയിരുന്നില്ല എന്ന് വ്യക്തമായിരുന്നു. ചോദ്യം പൂര്‍ത്തിയാകും മുമ്പ് തന്നെ വി.എസ് ഉത്തരവും പറഞ്ഞ് തുടങ്ങിയിരുന്നു. എന്താണ് പറഞ്ഞത് എന്ന് ഞാനിവിടെ എഴുതേണ്ടതില്ല. അത് എല്ലാവരും കണ്ടതാണ്. അതുണ്ടാക്കിക്കൊണ്ടിരിക്കുന്ന ദീര്‍ഘകാല പ്രത്യാഘാതവും കണ്ടതാണ്. അന്നത്തെ വാര്‍ത്താസമ്മേളനത്തിലെ അവസാനത്തെ ചോദ്യമായിരുന്നു ഇതെന്നാണ് ഓര്‍മ. വി.എസ് ഉത്തരം പറഞ്ഞു കഴിഞ്ഞപ്പോള്‍ എല്ലാവരും ഞെട്ടി അല്‍പസമയം മിണ്ടാതിരുന്നു.
സാധാരണ ചാടിയെണീക്കാറുള്ള വിഷ്വല്‍ മീഡിയ ജേര്‍ണലിസ്റ്റുകള്‍ പോലും അമ്പരപ്പോടെ നിന്നു. അന്ന് മാധ്യമപ്രവര്‍ത്തകര്‍ ഇതെക്കുറിച്ച് പരസ്പരം പറഞ്ഞ കമന്റുകളും ഓര്‍മയിലുണ്ട്. അത് എഴുതുന്നത് പ്രധാനമല്ലാത്തതിനാല്‍ പറയുന്നില്ല. വി.എസ് ഈ ആരോപണം ഉന്നയിക്കുന്ന കാലത്ത് ബി.ജെ.പി നേതാക്കള്‍ പോലും ലവ് ജിഹാദ് പോലുള്ള വിഷയങ്ങള്‍ ഇത്ര തീവ്രമായി ഉന്നയിച്ചിരുന്നില്ല. പണവും ബൈക്കുമെല്ലാം നല്‍കി മതംമാറ്റുന്നുവെന്ന കഥയെല്ലാം തീവ്രസംഘപരിവാറിന്റെ പള്‍പ്പുകളില്‍ മാത്രമേ അന്ന് വന്നിരുന്നുള്ളൂ.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ രംഗത്തിന് വി.എസ് നല്‍കിയ സംഭാവനകള്‍ വലുതായിരിക്കാം. എന്നാല്‍, കേരളത്തിലെ മതസൗഹാര്‍ദത്തിനും സാമൂഹികാന്തരീക്ഷത്തിനും വി.എസ് ഉണ്ടാക്കിയ ആഘാതവും വിലയിരുത്തപ്പെടാതെ പോകരുത്. ഒരു മനുഷ്യനെ വിലയിരുത്താനുള്ള ഏറ്റവും നല്ല സമയം അയാളുടെ മരണമാണ്. ജീവിച്ചിരിക്കുന്നവര്‍ മാറാം. തിരുത്താം. യൂറോപ്യന്‍ വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് നേതൃത്വം കൊടുത്തവരില്‍ പലരും പിന്നീട് തീവ്രവലതുപക്ഷവാദികളായി മാറി. എന്തിന് ഓപ്പണ്‍ വെയിന്‍ ഓഫ് ലാറ്റിനമേരിക്ക എന്ന പുസ്തകമെഴുതിയ എഡ്വാഡോ ഗലിയാനോ പോലും അവസാനകാലത്ത് മുതലാളിത്തത്തിന്റെ ഫാനായെന്ന ശക്തമായ ആരോപണമുണ്ട്. കശ്മിരിനെക്കുറിച്ച് നല്ലൊരു പുസ്തമെഴുതിയ എം.ജെ അക്ബര്‍ ബി.ജെ.പി സര്‍ക്കാറില്‍ മന്ത്രിയായത് നമുക്കറിയാം. ജീവിച്ചിരിക്കുന്നവരെ വിമര്‍ശിക്കാം, എന്നാല്‍, വിലയിരുത്തുന്നത് അപൂര്‍ണമാണ്.