ബെംഗളുരു – ലൈംഗിക പീഡനക്കേസ് പ്രതിയായ ജനതാദള്‍ എം പിയും കര്‍ണാടകയിലെ ഹാസന് മണ്ഡലത്തിലെ എന്‍.ഡി.എ സ്ഥാനാര്‍ത്ഥിയുമായ പ്രജ്വല്‍ രേവണ്ണ അറസ്റ്റില്‍. ജര്‍മനിയിലെ മ്യൂണിക്കില്‍നിന്ന് ബെംഗളൂരുവിലെത്തിയതിന് പിന്നാലെയാണ് അറസ്റ്റ്. രേവണ്ണയെ പ്രത്യേക അന്വേഷണ സംഘം വിമാനത്താവളത്തിലെത്തിയാണ് കസ്റ്റഡിയിലെടുത്തത്.
ലുഫ്താന്‍സ വിമാനത്തില്‍ ഇന്ന് പുലര്‍ച്ചെയാണ് പ്രജ്വല്‍ ബെംഗളൂരു വിമാനത്താവളത്തിലെത്തിയത്. പിന്നാലെ പ്രജ്വലിനെ എമിഗ്രേഷന്‍ പോയന്റില്‍ സി ഐ എസ് എഫ് തടഞ്ഞു. പ്രത്യേക അന്വേഷണ സംഘം തുടര്‍ന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു. അതിന് ശേഷം സി ഐ ഡി ഓഫീസിലേക്ക് കൊണ്ടുപോയി. മെഡിക്കല്‍ പരിശോധനകളടക്കം പൂര്‍ത്തിയാക്കിയതിന് ശേഷമായിരിക്കും കോടതിയില്‍ ഹാജരാക്കുക.
നേരത്തേ പൊലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് ഉള്‍പ്പെടെ പുറപ്പെടുവിച്ചിരുന്നു. കോടതിയുടെ വാറന്റും നിലവിലുണ്ട്. അതിനാല്‍ പ്രജ്വല്‍ രേവണ്ണ വിമാനത്താവളത്തില്‍ ഇറങ്ങിയാലുടന്‍ തന്നെ അറസ്റ്റിലാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അതിനോടനുബന്ധിച്ച് പ്രത്യേക ക്രമീകരണങ്ങളും അന്വേഷണസംഘം ഒരുക്കി. ഒരു മാസത്തെ ഒളിവിനു ശേഷമാണ് പ്രജ്വല്‍ തിരിച്ചെത്തുന്നത്. മെയ് 31-ന് പ്രത്യേക അന്വേഷണ സംഘത്തിനു മുന്നില്‍ ഹാജരാകുമെന്ന് വിഡിയോ സന്ദേശത്തിലൂടെ പ്രജ്വല്‍ രേവണ്ണ അറിയിച്ചിരുന്നു.