മലപ്പുറം/കോഴിക്കോട്: പ്രഭാത വ്യായാമ കൂട്ടായ്മയായ മെക് സെവനെ കുറിച്ചുള്ള സി.പി.എം ആരോപണം ഏറ്റവും വലിയ തമാശയാണെന്ന് മുസ്‌ലിം ലീഗ് നേതാവും കൊണ്ടോട്ടി എം.എൽ.എയുമായ ടി.വി ഇബ്‌റാഹിം. ഫാസിസ്റ്റുകളുടെ ഇസ്‌ലാമോഫോബിക് ആരോപണങ്ങൾ മറ്റുള്ളവർ കൂടി ഏറ്റെടുക്കുന്നത് സങ്കടകരമാണെന്നും അദ്ദേഹം പറഞ്ഞു.
മെക് സെവനെ കുറിച്ച് പഠിക്കാതെയാണ് പലരും ആരോപണം ഉന്നയിച്ചതെന്നും അദ്ദേഹം വിമർശിച്ചു. എസ്.ഡി.പി.ഐ-ജമാഅത്തെ ഇസ്‌ലാമി ബന്ധം ആരോപിച്ച് ഏത് കൂട്ടായ്മയെയും തകർക്കുകയാണ്. മെക് സെവൻ എന്ന ലളിതമായ വ്യായാമത്തിനെതിരെയും ഇതിന്റെ കൂട്ടായ്മക്കെതിരെയും ആരോപണം ഉന്നയിക്കുന്നവർ കഥയറിയാതെ ആട്ടം കാണുകയാണ്. ആരോഗ്യ പരിപാലത്തിന് കണ്ടെത്തുന്ന മുറ മാത്രമാണ് മെക് സെവനെന്നും താനും അതിന്റെ ഭാഗമായിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവിതശൈലി രോഗങ്ങളിൽ നിന്നും മുക്തി നേടാൻ സഹായിക്കുന്ന ലളിതവും ഫലപ്രദവുമായ വ്യായാമ മുറകളാണ് ഇതിലുള്ളതെന്ന് തിരിച്ചറിഞ്ഞതിനാലാണ് മത, ജാതി, പാർട്ടി വ്യത്യാസമില്ലാതെ ആയിരങ്ങൾ ഇതിനെ ഗ്രാമഗ്രാമാന്തരങ്ങളിൽ ഏറ്റെടുത്തത്. വിമർശങ്ങൾ ഉന്നയിക്കുന്നവർ ഏതെങ്കിലും വ്യായാമ കേന്ദ്രത്തിൽ ചെന്ന് കാര്യങ്ങൾ നേരിട്ടു മനസ്സിലാക്കട്ടെ. ആരോഗ്യം നാടിന്റെ സമ്പത്താണ്. അവരവരുടെ ശാരീരിക മാനസികാരോഗ്യത്തിന് ലാഭേഛയില്ലാതെ പ്രവർത്തിക്കുന്നവരെ സ്വാർത്ഥ താൽപര്യത്തിന്റെ പേരിൽ പഴിചാരാതിരിക്കാനുള്ള വിവേകമെങ്കിലും കാണിക്കുക. എക്‌സസൈസിന് അപ്പുറം ഒരു ആശയപ്രചാരണവും അവിടെ നടക്കുന്നില്ലന്നും എം.എൽ.എ പറഞ്ഞു.
മെക് സെവന് പിന്നിൽ മതരാഷ്ട്രവാദികളാണെന്ന് ജമാഅത്തെ ഇസ്‌ലാമിയുടെയും നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിനെയും ചൂണ്ടിക്കാട്ടി സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനനൻ മാസ്റ്റർ പ്രതികരിച്ചിരുന്നു. മെക് 7 തുടങ്ങിയത് സദുദ്ദേശ്യത്തോടെയാണെന്നും എന്നാൽ തീവ്രവാദ സംഘടനകൾ നുഴഞ്ഞുകയറിയെന്നും സമൂഹത്തിന് ജാഗ്രത വേണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സി.പി.എം നേതാക്കളും പ്രവർത്തകരും ഉൾപ്പെടെ എല്ലാ രാഷ്ട്രീയ പാർട്ടികളിലും മത സംഘടനകളിൽ പെട്ടവരും ഇതിലൊന്നും പെടാത്തവരും ഒത്തുകൂടുന്ന കൂട്ടായ്മയ്‌ക്കെതിരെ സി.പി.എം നേതാവ് പറഞ്ഞത് വ്യാപക ചർച്ചയ്ക്ക് ഇടയാക്കിയിരുന്നു.
മെക് സെവന് പിന്നിൽ ചതിയാണെന്നും അതിൽ സുന്നികൾ പെട്ടുപോകരുതെന്നും ഈമാൻ നഷ്ടമാകുമെന്നും സമസ്ത എ.പി വിഭാഗം നേതാവ് പേരോട് അബ്ദുറഹ്മാൻ സഖാഫിയും പ്രവർത്തകരോട് ആഹ്വാനം നടത്തിയിരുന്നു. ജീവിതശൈലി രോഗങ്ങൾക്കുള്ള പ്രതിരോധമെന്നോണമുള്ള മെക് സെവൻ കൂട്ടായ്മയ്‌ക്കെതിരെ പോപ്പുലർ ഫ്രണ്ടിനെയും ജമാഅത്തെ ഇസ്‌ലാമിയെയും ചൂണ്ടിക്കാട്ടി ഹിന്ദു ഐക്യവേദിയും അന്വേഷണം ആവശ്യപ്പെട്ട് രംഗത്തെത്തിയിരുന്നു.
എന്നാൽ, ആരോപണങ്ങളുന്നയിച്ചവരെ അവർ പ്രതിനിധാനം ചെയ്യുന്ന സംഘടനകളിലെ നേതാക്കളും പ്രവർത്തകരും തന്നെ തള്ളിപ്പറയുന്നതിനും സമകാലീന സംഭവങ്ങൾ സാക്ഷിയാണ്. സി.പി.എം സംസ്ഥാന സമിതി അംഗവും പൊതുമരാമത്ത് ടൂറിസം മന്ത്രിയുമായ പി.എ മുഹമ്മദ് റിയാസ് അടക്കം ഈ വ്യായാമ മുറയുടെ പ്രചാരണത്തിന് എല്ലാവിധ പിന്തുണയും നൽകി നോട്ടീസ് അടക്കം പ്രിന്റ് ചെയ്ത് ആഹ്വാനം ചെയ്തിരുന്നു. ജാതിമത രാഷ്ട്രീയ ഭേദമില്ലാതെ പ്രഭാത വ്യായാമത്തിനായി ഒരു കൂട്ടായ്മ എന്നത് പരസ്പര ബന്ധങ്ങൾ ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കുമെന്നത് തീർച്ചയാണ്. ശാരീരികവും മാനസികവുമായ ആരോഗ്യ പരിപാലനത്തിന് മെക് 7 എന്ന മൾട്ടി എക്‌സർസൈസ് കോമ്പിനേഷൻ പദ്ധതി പ്രയോജകരമായിരിക്കുമെന്നും മന്ത്രി മുഹമ്മദ് റിയാസ് അറിയിച്ചിരുന്നു. സി.പി.എം ജില്ലാ സെക്രട്ടറിയുടെ വിമർശത്തിന് ശേഷവും മെക് സെവന്റെ എല്ലാ പ്രാദേശിക കൂട്ടായ്മകളിലും ഇപ്പോഴും ധാരാളം സി.പി.എം പ്രവർത്തകർ പങ്കാളികളാണുതാനും.
അതിനിടെ, മെക് സെവനെതിരായ വിമർശങ്ങളെ തള്ളി മുൻ മന്ത്രിയും ഐ.എൻ.എൽ നേതാവുമായ അഹമ്മദ് ദേവർകോവിൽ എം.എൽ.എയും രംഗത്തെത്തി. വ്യായാമം ചെയ്യുന്നതിൽ എന്തിനാണ് ഏതെങ്കിലും ഒരു വിഭാഗത്തെ എടുത്തുപറയുന്നതെന്ന് അദ്ദേഹം ചോദിച്ചു. നല്ല ആരോഗ്യകൂട്ടായ്മയാണിത്. ബീച്ചിൽ അത് ഉദ്ഘാടനം ചെയ്തത് താനായിരുന്നുവെന്നും അഹമ്മദ് ദേവർകോവിൽ വ്യക്തമാക്കി.
തുറന്ന സ്ഥലത്ത് എല്ലാവർക്കും കാണാവുന്ന രീതിയിലാണ് വ്യായാമ പരിശീലനം നടക്കുന്നത്. ആളുകൾക്ക് നല്ല റിസൽട്ട് ലഭിക്കുന്നതിനാലാണ് അതിൽ ആളുകൾ പങ്കെടുക്കുന്നത്. ആശുപത്രിയിലേക്കുള്ള അനാവശ്യ ഓട്ടം കുറയ്ക്കുന്നവെന്നതല്ലാതെ, മറ്റൊരു സാമ്പത്തിക നേട്ടവും ഇതിലൂടെ ഉണ്ടാക്കുന്നില്ല. ജാതിയോ മതമോ ഒന്നും അവിടെ ആരും ചോദിക്കുന്നില്ല. സി.പി.എം നേതാവ് പി മോഹനൻ മാഷുമായി വിഷയം സംസാരിച്ചിരുന്നു. ഏതെങ്കിലും സംഘടനയെക്കുറിച്ച് താൻ പറഞ്ഞിട്ടില്ലെന്നാണ് അദ്ദേഹം തന്നോട് പറഞ്ഞതെന്നും ദേവർകോവിൽ ചൂണ്ടിക്കാട്ടി.
സമസ്ത നേതാവ് കാന്തപുരം എ.പി അബൂബക്കർ മുസ്‌ലിയാരുടെ മകനും എസ്.വൈ.എസ് സംസ്ഥാന ജനറൽസെക്രട്ടറിയുമായ ഡോ. എ.പി അബ്ദുൽഹക്കീം അസ്ഹരിയെ പോലുള്ളവരും മെക് സെവന് പിന്തുണയർപ്പിച്ച് രംഗത്തുവന്നിരുന്നു. പൂനൂരിൽ നടന്ന പൊതുപരിപാടിയിലാണ് അദ്ദേഹം കൂട്ടായ്മയെ ആശീർവദിച്ചത്. മലപ്പുറം ജില്ലയിലെ കൊട്ടോണ്ടി തുറക്കൽ സ്വദേശിയായ ഒരു റിട്ട. സൈനികൻ കോവിഡ് കാലത്ത് തന്റെ നാട്ടിൽ തുടങ്ങിയ സൗജന്യ വ്യായാമ പരിശീലനമാണ് ജാതിയും മതവും കക്ഷി രാഷ്ട്രീയവുമൊന്നും ഇല്ലാതെ എല്ലാ അതിർ വരമ്പുകളും മറികടന്ന് ആയിരക്കണക്കിന് സ്ത്രീ പുരുഷന്മാരുടെ നിറഞ്ഞ കൈയടി നേടി മുന്നോട്ടു പോകുന്നത്. ചില കേന്ദ്രങ്ങൾ ആസൂത്രിതമായ വിമർശങ്ങൾ ഉന്നയിക്കുമ്പോൾ തന്നെയും, ഫീസ് വാങ്ങാതെയുള്ള ഈ പരിശീലനം വഴി പല സ്ഥലങ്ങളിലെയും വ്യായാമ കേന്ദ്രങ്ങളിൽ ആളുകൾ കുറയുന്നതായും റിപോർട്ടുകളുണ്ട്.