കോഴിക്കോട്: മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് പറയാനാവില്ലെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം ഷാജി. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായമാണെന്നും ലീഗിന് അങ്ങനെയൊരു അഭിപ്രായമില്ലെന്നും ഷാജി പറഞ്ഞു. പെരുവള്ളൂർ പഞ്ചായത്ത് മുസ്‌ലിം ലീഗ് കമ്മിറ്റി സംഘടിപ്പിച്ച പൊതുസമ്മേളനത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മുനമ്പത്തേതത് വഖഫ് ഭൂമി അല്ലെന്ന് പറയാൻ ഫാറൂഖ് കോളേജിന് എന്താണ് അധികാരമെന്ന് ചോദിച്ച കെ എം ഷാജി, വഖഫ് ചെയ്തതിന് രേഖകൾ ഉണ്ടെന്നും പറഞ്ഞു. മുനമ്പത്ത് പണം കൊടുത്ത് ഭൂമി വാങ്ങിയ പാവപ്പെട്ടവരല്ല യഥാർത്ഥ പ്രതികൾ. വഖഫ് ഭൂമി അവർക്ക് വിറ്റത് ആരാണെന്നാണ് സർക്കാർ കണ്ടുപിടിക്കേണ്ടതെന്നും സാമുദായിക ധ്രുവീകരണമുണ്ടാക്കാനുള്ള നീക്കം ആരുടെ ഭാഗത്തുനിന്നായാലും ചെറുക്കണമെന്നും കെ എം ഷാജി ഓർമിപ്പിച്ചു.
മുനമ്പം വിഷയം വലിയ പ്രശ്‌നമാണ്. നിങ്ങൾ വിചാരിക്കുന്ന പോലെ നിസ്സാരമല്ല. പ്രതിപക്ഷ നേതാവ് പറഞ്ഞു, അത് വഖഫ് ഭൂമിയല്ലെന്ന്. മുസ്ലിം ലീഗിന് അങ്ങനെ ഒരു അഭിപ്രായം ഇല്ല. അത് വഖഫ് ഭൂമിയല്ലെന്ന് പറനായാകില്ല. ഫാറൂഖ് കോളേജിന്റെ അധികൃതർ പറയുന്നത് അത് വഖഫ് ഭൂമിയല്ലെന്നാണ്. അങ്ങനെ പറയാൻ അവർക്ക് എന്തവകാശമാണുള്ളത്. വഖഫ് ചെയ്യപ്പെട്ട ഭൂമി ആരാണ് അവർക്ക് വിട്ടുകൊടുത്തത്. ആരാണ് അതിന് രേഖയുണ്ടാക്കിയത്? അവരെ പിടിക്കേണ്ടത് മുസ്‌ലിം ലീഗാണോ? ഭരണകൂടമല്ലേയെന്നും കെ.എം ഷാജി ചോദിച്ചുു. മുനമ്പം വിഷയത്തിലെ യഥാർത്ഥ പ്രതികൾ അവിടെ ഭൂമി വാങ്ങി ജീവിക്കുന്ന പാവം മനുഷ്യരല്ല. അവിടെയാണ് ഞങ്ങളുടെ പോയിന്റെന്നും ഷാജി വ്യക്തമാക്കി.

ഷാജിയെ തള്ളാതെ ലീഗ് നേതാവ് ഡോ. എം.കെ മുനീർ എം.എൽ.എയും പ്രതികരിച്ചു. മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന് ലീഗ് പറഞ്ഞിട്ടില്ലെന്നും അവിടെയുള്ള പാവങ്ങളെ കുടിയിറക്കരുതെന്നാണ് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിപക്ഷ നേതാവ് ആ നാട്ടുകാരനാണ്. നാട്ടുകാർക്കൊപ്പമെ അദ്ദേഹത്തിന് നിൽക്കാനാകൂ. നിയമപരമായ പ്രതിവിധിയാണ് ഉണ്ടാകേണ്ടത്. അവിടെയുള്ള ജനങ്ങൾക്ക് നിയമപരമായി അവിടെ തന്നെ താമസിക്കാൻ കഴിയണം. അതിനാണ് സർക്കാർ ശ്രമിക്കേണ്ടതെന്നും ഡോ. എം.കെ മുനീർ അഭിപ്രായപ്പെട്ടു.
മുനമ്പം പ്രശ്‌നപരിഹാരത്തിനായി മുസ്‌ലിം ലീഗ് നേതൃത്വത്തിൽ വിവിധ ഇടപെടലുകൾ നടന്നുവരുന്നതിനിടെ, മുനമ്പത്തേത് വഖഫ് ഭൂമിയല്ലെന്ന പ്രതിപക്ഷ നേതാവിന്റെ അഭിപ്രായത്തിനെതിരെ വിവിധ മുസ്‌ലിം സംഘടനകളിൽനിന്നും എതിർപ്പ് ഉയർന്നിരുന്നു. അപ്പോഴെല്ലാം പ്രശ്‌നത്തിൽ സമവായമുണ്ടാക്കാനുള്ള ശ്രമമാണ് പി.കെ കുഞ്ഞാലിക്കുട്ടിയുടെയും പാണക്കാട് സാദിഖലി തങ്ങളുടെയും നേതൃത്വത്തിൽ ലീഗ് നേതാക്കൾ തുടർന്നത്. സാമുദായിക മുതലെടുപ്പിനായി മുനമ്പത്തെ ചിലർ ആയുധമാക്കാൻ ശ്രമിച്ചപ്പോൾ അതിന്റെ മർമമറിഞ്ഞായിരുന്നു വിവിധ സാമുദായിക നേതാക്കളെയും മറ്റും കണ്ടുള്ള ലീഗ് നേതാക്കളുടെ ഇടപെടൽ.
മുനമ്പത്തേത് സാമുദായിക പ്രശ്‌നമല്ല, കേവലം സ്വത്തു തർക്കമാണെന്നും സ്വത്ത് തർക്കം എന്തു രേഖകൾ അടിസ്ഥാനമാക്കിയാണോ പരിഹരിക്കാറുള്ളത് അതേ നിലയിലാണ് മുനമ്പം വിഷയം കൈകാര്യം ചെയ്യേണ്ടതെന്നും പാവപ്പെട്ട ഇരകളെ ആരെയും കുടിയൊഴിപ്പിക്കരുതെന്നും എന്നാൽ വഖഫ് ഭൂമി അങ്ങനെത്തന്നെ നിലനിർത്തണമെന്നും പല മുസ്‌ലിം സംഘടനകളും നിലപാട് വ്യക്തമാക്കിയിട്ടുണ്ട്.