തലശ്ശേരി: മരിച്ച കണ്ണൂർ എ ഡി എം നവീൻ ബാബു കൈക്കൂലി വാങ്ങിയെന്ന് സ്ഥാപിക്കാൻ കേസിലെ പ്രതിയും സി.പി.എം നേതാവുമായ പി പി ദിവ്യയ്ക്കായി കോടതിയിൽ ഉന്നയിച്ച വാദങ്ങളെ ഖണഠിച്ച് പ്രോസിക്യൂഷൻ.
ഫോൺ വിളിച്ചാൽ കൈക്കൂലിയാകുമോ എന്നായിരുന്നു പ്രോസിക്യൂഷന്റെ മറുചോദ്യം. എ ഡി എമ്മും പ്രശാന്തും ഫോണിൽ സംസാരിച്ചാൽ എങ്ങനെ കൈക്കൂലി വാങ്ങിയതിന്റെ തെളിവാകുമെന്ന് പ്രോസിക്യൂഷൻ ചോദിച്ചു. കൈക്കൂലി ആരോപണം മാത്രമല്ല അച്ചടക്ക ലംഘനവും പ്രശാന്തിനെതിരായ നടപടിക്ക് കാരണമായിട്ടുണ്ട്.
കലക്ടറുടെ മൊഴിയിൽ ഒന്നും ഒളിച്ചുവെച്ചിട്ടില്ലെന്നും ഗംഗാധരൻ വലിയ തുക ചെലവായെന്ന് പറഞ്ഞത് എങ്ങനെ കൈക്കൂലിയാകുമെന്നും ദിവ്യയുടെ വാദങ്ങളെ എതിർത്ത് പ്രോസിക്യൂഷൻ ഉന്നയിച്ചു.
പ്രശാന്ത് ബാങ്കിൽ നിന്ന് വായ്പയെടുത്തത് എങ്ങനെയാണ് കൈക്കൂലിയാകുക? ഒരു പരിപാടിയിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നാൽ ഇറങ്ങി പോകാൻ പറയാനാകുമോ? ഇരിക്കാൻ പറഞ്ഞത് മാന്യതയാണ്. ദിവ്യ വന്നതിൽ അസ്വഭാവികത തോന്നിയില്ലെന്നാണ് പരിപാടിയുടെ അധ്യക്ഷയായ ഡെപ്യൂട്ടി കലക്ടർ ശ്രുതിയുടെ മൊഴിയിലുള്ളത്. ദിവ്യയെ ആശംസ അറിയിക്കാൻ ക്ഷണിച്ചെന്ന് ദിവ്യയുടെ മൊഴിയിലുമുണ്ട്.
പണം നൽകിയെന്ന് പ്രശാന്തിന്റെ ആരോപണം മാത്രമാണ്. മറ്റ് തെളിവുകളോ സാക്ഷികളോ ഇല്ല. 19-ാം വയസിൽ സർവീസിൽ പ്രവേശിച്ച ആളാണ് നവീൻ ബാബു. ഇതുവരെ അദ്ദേഹത്തെ കുറിച്ച് കൈക്കൂലി ആരോപണങ്ങൾ ഉണ്ടായില്ല. ആരോപണം ഉയർന്ന ഫയലിൽ ഒരു കാലതാമസവും വരുത്തിയില്ല. പിന്നെ എന്തിന് അഴിമതി നടത്തണം?
ഭൂമി നികത്തിയതാണ് ഗംഗാധരന്റെ പ്രശ്നം. സ്റ്റോപ് മെമ്മോ ഒഴിവാക്കണമെന്നാവശ്യപ്പെട്ട ഗംഗാധരനെ എന്തിനാണ് ഇതിലേക്ക് വലിച്ചിഴക്കുന്നത്? എ ഡി എം പണം ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഗംഗാധരനും പറഞ്ഞത്. ദിവ്യക്ക് ജാമ്യം നൽകിയാൽ സാക്ഷികളെ സ്വാധീനിക്കുമെന്നും ജാമ്യം നൽകരുതെന്നും പ്രോസിക്യൂഷൻ കോടതിയിൽ വ്യക്തമാക്കി.