- വില്ലനായത് പൊതുമരാമത്തിന്റെ മൈക്കെന്ന് ബെന്നി ബഹനാന്റെ തമാശ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ പങ്കെടുത്ത പരിപാടിയിൽ വീണ്ടും വില്ലനായി മൈക്ക്. വയനാട് ദുരന്തത്തിൽ കേന്ദ്ര സർക്കാർ അവഗണയെക്കുറിച്ച് ചർച്ച ചെയ്യാൻ തൈക്കാട് ഗസ്റ്റ് ഹൗസിൽ വിളിച്ച എം.പിമാരുടെ യോഗത്തിലാണ് സംഭവം.
മുഖ്യമന്ത്രിയുടെ ആമുഖ ഭാഷണത്തിലാണ് മൈക്ക് വില്ലനായത്. പക്ഷേ, പ്രശ്‌നത്തെ മുഖ്യമന്ത്രി രസകരമായാണ് അവതരിപ്പിച്ചത്. ‘ഞാൻ ചെല്ലുന്നേടത്തെല്ലാം മൈക്കിന് പ്രശ്‌നമാണല്ലോ’ എന്നായിരുന്നു മുഖ്യമന്ത്രിയുടെ കമന്റ്. ഇത് ഗൗരവത്തിലിരുന്ന എല്ലാവരിലും ചിരി പടർത്തി.
അപ്പോൾ, പൊതുമരാമത്തിന്റെ മൈക്കാണെന്ന് ബെന്നി ബഹനാൻ എം.പി പറയുന്നതും വീഡിയോയിൽ കേൾക്കാം. മൈക്ക് പണിമുടക്കിയത് ശ്രദ്ധിക്കാതെ മുഖ്യമന്ത്രി സംസാരിച്ചപ്പോൾ, മൈക്ക് ഓപ്പറേറ്റർ വന്നതോടെയാണ് ‘ഞാൻ ചെല്ലുന്നേടത്തെല്ലാം മൈക്കിന് പ്രശ്‌നമാണല്ലോന്ന്’ മുഖ്യമന്ത്രി ചിരിച്ചുകൊണ്ട് പറഞ്ഞത്. പിന്നീട് മൈക്ക് ശരിയാക്കിയ ശേഷം യോഗം തുടർന്നു.
കേരളത്തോട് കേന്ദ്രം കാണിക്കുന്നത് കടുത്ത അവഗണനയാണെന്ന് കണക്കുകൾ നിരത്തി മുഖ്യമന്ത്രി യോഗത്തിൽ വ്യക്തമാക്കി. വയനാട് ദുരന്ത സമയത്ത് വിവിധ സേനകളെ ലഭ്യമാക്കുന്നതിൽ കേന്ദ്രം സഹായിച്ചിരുന്നു. പക്ഷേ അർഹമായ സാമ്പത്തിക സഹായം വൈകിക്കുകയാണ്. ഇതിൽ പ്രതിഷേധം അറിയിക്കണം.
രാജ്യത്തെ ഏറ്റവും വലിയ ദുരന്തങ്ങളിലൊന്നാണ് വയനാട്ടിലുണ്ടായത്.
കേരളത്തിന്റെ കടമെടുപ്പ് പരിധി വെട്ടിക്കുറച്ചു. വരാനിരിക്കുന്ന ചെലവ് ഉൾപ്പെടെ 1222 കോടിയുടെ സഹായമാണ് സംസ്ഥാനം ചോദിച്ചത്. സംസ്ഥാനത്തിന്റെ ആവശ്യം കൃത്യമായി കേന്ദ്രത്തെ അറിയിച്ചെങ്കിലും അവഗണനയാണ്. ഇതിനെതിരേ കേരളം ഒറ്റക്കെട്ടായി സമ്മർദ്ദം ചെലുത്തണമെന്നും മുഖ്യമന്ത്രി എം.പിമാരോട് ആവശ്യപ്പെട്ടു.