കൊച്ചി – കേരളത്തിൽ സമുദ്രമത്സ്യബന്ധനത്തിന് പോകുന്നവരിൽ 58 ശതമാനവും അതിഥി തൊഴിലാളികളെന്ന് പഠനം. മീൻപിടുത്തം, വിപണനം, സംസ്‌കരണം എന്നീ രംഗങ്ങളിൽ കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനം (സിഎംഎഫ്ആർഐ) നടത്തിയ ഗവേഷണത്തിലാണ് കണ്ടെത്തൽ.
റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ സംസ്ഥാനത്തെ സമുദ്രമത്സ്യ മേഖലയിൽ അതിഥി തൊഴിലാളികൾ സുപ്രധാന പങ്കുവഹിക്കുന്നു. കേരളത്തിലെ യന്ത്രവൽകൃത മത്സ്യബന്ധന മേഖലയിൽ ഏറ്റവും കൂടുതൽ അതിഥി തൊഴിലാളികൾ ഉള്ളത് എറണാകുളം ജില്ലയിലെ മുനമ്പം തുറമുഖത്താണ്. 78 ശതമാനം അതിഥി തൊഴിലാളികളാണ് ഇവിടെയുള്ളത്. തമിഴ്‌നാട്, പശ്ചിമ ബംഗാൾ, ഒഡീഷ എന്നിവിടങ്ങളിൽ നിന്നുള്ള തൊഴിലാളികളാണ് കൂടുതൽ.
സംസ്‌കരണ യൂണിറ്റുകളിൽ 50 ശതമാനവും വിപണന രംഗത്ത് 40 ശതമാനവും ഇതരസംസ്ഥാന തൊഴിലാളികളാണ്. യുവതലമുറയിലുള്ളവർ സമുദ്രമത്സ്യ മേഖലയിൽ ഉപജീവനം തേടാൻ താൽപര്യപ്പെടുന്നില്ലെന്നാണ് പഠനം വെളിപ്പെടുത്തത്.
തദ്ദേശീയരായ മത്സ്യത്തൊഴിലാളികൾ വരുമാനത്തിന്റെ 20-30 ശതമാനം സമ്പാദ്യവും കുട്ടികളുടെ വിദ്യാഭ്യാസത്തിനും ഭവനനിർമ്മാണത്തിനും ചെലവഴിക്കുമ്പോൾ, അതിഥി തൊഴിലാളികൾ വരുമാനത്തിന്റെ 75 ശതമാനം വരെ നാട്ടിലുള്ള കുടുംബങ്ങൾക്ക് അയ്ക്കുന്നു. തദ്ദേശീയരേക്കാൾ കുറഞ്ഞ വരുമാനമാണ് ഇതര സംസ്ഥാനങ്ങളിലെ തൊഴിലാളികൾക്ക് ലഭിക്കുന്നത്. ഇതര സംസ്ഥാനങ്ങളിലെ ദാരിദ്ര്യം, തൊഴിലില്ലായ്മ, കേരളത്തിലെ ഉയർന്ന വേതനം, തുടങ്ങിയവയാണ് അതിഥി തൊഴിലാളികളെ സംസ്ഥാനത്തേക്ക് ആകർഷിക്കുന്നത്.