റിയാദ്: പതിനഞ്ചാം വാർഷികാഘോഷങ്ങളുടെ ഭാഗമായി അലിഫ് ഇന്റർനാഷണൽ സ്‌കൂൾ സംഘടിപ്പിച്ച അലിഫ് സോക്കർ കപ്പ് ’24ൽ ചാമ്പ്യന്മാരായി ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ.
റിയാദിലെ എട്ട് പ്രമുഖ സി ബി എസ് ഇ സ്‌കൂളുകളിലെ ഫുട്‌ബോൾ ടീമുകളാണ് മത്സരത്തിൽ മാറ്റുരച്ചത്. അലിഫ് ഇന്റർനാഷണൽ സ്‌കൂൾ ടൂർണമെന്റിലെ റണ്ണറപ്പായി.
സൗദി അറേബ്യയിലെ പ്രമുഖ ഫുട്‌ബോൾ ക്ലബ്ബ് ആയ അൽ നസ്ർ ജൂനിയർ ഗോൾകീപ്പർ മുഹമ്മദ് റസിൻ അലിഫ് സോക്കർ കപ്പ് ഉദ്ഘാടനം ചെയ്തു.
സുമേഷിയിലെ ഒളിമ്പിക് അക്കാദമി ഗ്രൗണ്ടിൽ നടന്ന ടൂർണമെന്റിൽ ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂൾ, അൽയാസ്മിൻ ഇന്റർനാഷണൽ സ്‌കൂൾ, അൽ ആലിയ ഇന്റർനാഷണൽ സ്‌കൂൾ, ന്യൂ മിഡിൽ ഈസ്റ്റ് ഇന്റർനാഷണൽ സ്‌കൂൾ, മോഡേൺ ഇന്റർനാഷണൽ സ്‌കൂൾ, അലിഫ് ഇന്റർനാഷണൽ സ്‌കൂൾ, മോഡേൺ മിഡിലീസ്റ്റ് ഇന്റർനാഷണൽ സ്‌കൂൾ, ഇന്റർനാഷണൽ ഇന്ത്യൻ പബ്ലിക് സ്‌കൂൾ തുടങ്ങിയ സ്‌കൂളുകളുടെ അണ്ടർ16 വിഭാഗം പങ്കെടുത്തു.
അലിഫ് സോക്കർ കപ്പ് ’24ലെ മികച്ച താരമായി ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ മുഹമ്മദ് റഹിയാൻ റഊഫിനെയും മികച്ച ഗോൾകീപ്പറായി ഇന്റർനാഷണൽ ഇന്ത്യൻ സ്‌കൂളിലെ മാസിൻ മുസ്തഫയെയും തിരഞ്ഞെടുത്തു.
ടൂർണമെന്റിലെ ചാമ്പ്യൻസ് ട്രോഫി അലിഫ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് സി ഇ ഒ ലുഖ്മാൻ അഹ്മദ് വിതരണം ചെയ്തു. വിജയികൾക്കുള്ള മെഡൽ വിതരണം മർകസ് ഗ്രൂപ്പ് ഓഫ് സ്‌കൂൾസ് ഗുജറാത്ത് ഡയറക്ടർ സൈനുൽ ആബിദ് നൂറാനി, മുജീബ് കാലടി, സുഹൈൽ, ഹെഡ്മാസ്റ്റർ നൗഷാദ് നാലകത്ത്, അഡ്മിനിസ്‌ട്രേറ്റർ അലി ബുഖാരി, കോഡിനേറ്റർ മുഹമ്മദ് ഷമീർ എന്നിവർ നിർവഹിച്ചു.