തിരുവനന്തപുരം– നിറത്തിന്റെ പേരില്‍ വിവേചനം നേരിട്ടെന്ന് ഫേസ്ബുക്കിലൂടെ വെളിപ്പെടുത്തി ചീഫ് സെക്രട്ടറി ശാരദ മുരളീധരന്‍. ശാരദയുടെയും, ഭര്‍ത്താവും മുന്‍ചീഫ് സെക്രട്ടറിയുമായ വേണുവിന്റെയും നിറത്തെക്കുറിച്ച് ഒരാള്‍ നടത്തിയ മോശം പരാമര്‍ശത്തെ കുറിച്ചായിരുന്നു കുറിപ്പ്. സമൂഹമാധ്യമങ്ങളില്‍ വ്യാപക പിന്തുണയാണ് ചീഫ് സെക്രട്ടറിക്ക് ലഭിക്കുന്നത്.

താന്‍ നേരിട്ട വര്‍ണ്ണ വിവേചനത്തെ കുറിച്ച് ആദ്യം ഒരു കുറിപ്പ് പങ്കുവെക്കുകയും പിന്നീട് വിവാദമാകേണ്ടെന്ന് കരുതി മണിക്കൂറുകള്‍ക്കുള്ളില്‍ അത് പിന്‍വലിക്കുകയും ചെയ്തു. പിന്നീട് രാത്രി വിശദമായ കുറിപ്പ് പങ്കുവെക്കുകയായിരുന്നു. തന്റെ നിറം കറുപ്പാണെന്നും ഭര്‍ത്താവിന്റെ നിറം വെളുപ്പാണെന്നുമുള്ള ഒരാളുടെ താരതമ്യപ്പെടുത്തലിനെ കുറിച്ചാണ് ആദ്യം പോസ്റ്റ് ചെയ്തിരുന്നത്. ഇതിന് താഴെ വന്ന കമന്റുകളില്‍ അസ്വസ്ഥയായി അത് നീക്കം ചെയ്യുകയായിരുന്നു. ഇത് ചര്‍ച്ച ചെയ്യേണ്ട കാര്യമാണെന്ന് ചിലര്‍ പറഞ്ഞത് കൊണ്ടാണ് വീണ്ടും പോസ്റ്റ് ചെയ്യുന്നതെന്ന് അവര്‍ പറഞ്ഞു.
ഈ കാര്യം പ്രത്യേകം ചൂണ്ടിക്കാട്ടി പ്രതിഷേധിക്കുന്നത് വേദനിച്ചതിനാലാണെന്ന് കുറിപ്പില്‍ പറയുന്നു. കറുപ്പിനെ എന്തിനാണ് മോശമായി കാണുന്നത്. കുട്ടിക്കാലത്ത് അമ്മയോട് തന്നെ വയറിലേക്ക് തന്നെ തിരിച്ചെടുത്ത് വെളുത്ത കുട്ടിയായി പ്രസവിക്കാമോ എന്ന് ചോദിച്ചതായും കുറിപ്പില്‍ പറയുന്നു. എന്തിനാണ് കറുപ്പിനെ നിന്ദിക്കുന്നതെന്നും അത് സര്‍വ്വവ്യാപിയായ സത്യമാണെന്നും അവര്‍ പറഞ്ഞു. ഭര്‍ത്താവ് വേണു സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം 2024 ആഗസ്റ്റ് 31 നാണ് ചീഫ് സെക്രട്ടറിയായി ശാരദ ചുമതലയേല്‍ക്കുന്നത്.