തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പിൽ തൃശൂരിൽ ബി.ജെ.പി അക്കൗണ്ട് തുറന്നതിൽ അഭ്യന്തര വിമർശവുമായി സി.പി.ഐ നേതാവും മുൻ മന്ത്രിയും മണ്ഡലത്തിലെ ഇടത് സ്ഥാനാർത്ഥിയുമായ വി.എസ് സുനിൽകുമാർ.
തന്റെ തോൽവിയ്ക്ക് തൃശൂർ പൂരം മാത്രമല്ല കാരണമെന്നും ഇടത് വോട്ടുകൾ അടക്കം ചോർന്നതാണെന്ന് വി.എസ് സുനിൽകുമാർ പാർട്ടി സംസ്ഥാന കൗൺസിലിൽ പറഞ്ഞു. മണ്ഡലത്തിലെ സി.പി.എം, സി.പി.ഐ വോട്ടുകളടക്കം ചോർന്നിട്ടുണ്ട്. മണ്ഡലത്തിൽ, ഇടതുമുന്നണി എല്ലായ്‌പ്പോഴും ലീഡ് നിലനിർത്താറുള്ള ഏതാണ്ട് 27 ഇടങ്ങളിൽ എൽ.ഡി.എഫിന് തിരിച്ചടിയേറ്റു. ഇവിടെയെല്ലാം ബി.ജെ.പിക്കാണ് നേട്ടമുണ്ടായത്. എൽ.ഡി.എഫിന്റേത് രാഷ്ട്രീയ പരാജയമാണ്. പൂരത്തിലൂടെ എ.ഡി.ജി.പി-ആർ.എസ്.എസ് അച്ചുതണ്ട് കളിച്ചെങ്കിലും പൂരം വിവാദം മാത്രമല്ല തോൽവിക്കു കാരണമെന്നും അദ്ദേഹം പാർട്ടി സംസ്ഥാന കൗൺസിലിൽ പറഞ്ഞതായാണ് വിവരം.
പലയിടങ്ങളിലും സി.പി.എം കേഡർമാരുടെയും അനുഭാവികളുടെയും വോട്ടുകൾ ബി.ജെ.പിക്ക് ലഭിച്ചെന്ന് തൃശൂരിലെ മറ്റൊരു നേതാവും സി.പി.ഐ സംസ്ഥാന കൗൺസിലിൽ തുറന്നടിച്ചു.
തൃശൂർ പൂരം അലങ്കോലമായതിനെ പഴിചാരിയാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിലെ ബി.ജെ.പി സ്ഥാനാർത്ഥി സുരേഷ് ഗോപിയുടെ വിജയത്തെ ഇതിനകം പലരും വിമർശിച്ചത്. എന്നാൽ, അതു മാത്രമല്ല, പാർട്ടി വോട്ടുകളിലും നിർണായക ചോർച്ചയുണ്ടായെന്നാണ് ഇടത് സ്ഥാനാർത്ഥിയുടെയും മറ്റും വെളിപ്പെടുത്തലുകൾ. സിറ്റിംഗ് സീറ്റിൽ കോൺഗ്രസിനിവിടെ മൂന്നാം സ്ഥാനത്താണ് ഇടം. അവർക്കു നേരത്തെ ലഭിച്ച എൺപതിനായിരത്തിൽ പരം വോട്ടുകൾ ബി.ജെ.പിക്കു പോയെന്നാണ് തെരഞ്ഞെടുപ്പ് കണക്കുകൾ നൽകുന്ന ചിത്രം.