കോഴിക്കോട്: ഛത്തീസ്ഗഢിൽ ക്രിസ്ത്യൻ വിശ്വാസികൾക്കെതിരെ ബജ്രംഗ്ദൾ പ്രവർത്തകർ നടത്തിയ ആക്രമണത്തെ ന്യായീകരിച്ച് ഹിന്ദു ഐക്യവേദി മുഖ്യ രക്ഷാധികാരി കെ.പി. ശശികല. കന്യാസ്ത്രീകളുടെ അറസ്റ്റിനെ വിവാദമാക്കിയതോടെ അവർ കൂടുതൽ ജാഗ്രതയോടെ പെരുമാറാൻ തുടങ്ങിയെന്നും, മതപരിവർത്തനം അവസാനിപ്പിക്കാതെ പ്രതിഷേധം തുടർന്നാൽ ഈ വിഷയം അവസാനിക്കില്ലെന്നും ശശികല ഫേസ്ബുക്കിൽ കുറിച്ചു.
‘സേവനം നടത്താൻ ആഗ്രഹമുണ്ടെങ്കിൽ നടത്തിക്കോളൂ. പക്ഷേ, അതിനൊപ്പം പ്രാർഥന, സുവിശേഷ പ്രചാരണം, അല്ലെങ്കിൽ മതപരിവർത്തന ശ്രമങ്ങൾ വേണ്ട. നിങ്ങളുടെ ‘ഗുഡ് ബുക്കിൽ’ ഇടംനേടാൻ മതപരിവർത്തനം പോലുള്ള അടിസ്ഥാന വിഷയങ്ങളിൽ വിട്ടുവീഴ്ചയ്ക്ക് ആരും തയ്യാറല്ല,’ ശശികല വ്യക്തമാക്കി.
മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ ആക്രമിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത വിവാദം കെട്ടടങ്ങുംമുമ്പാണ് ഛത്തീസ്ഗഢിൽ വീണ്ടും ക്രിസ്ത്യൻ പ്രാർഥനാ കൂട്ടായ്മയ്ക്ക് നേരെ ബജ്രംഗ്ദൾ ആക്രമണം നടത്തിയത്. പാസ്റ്ററുടെ നേതൃത്വത്തിൽ നടന്ന പ്രാർഥനയ്ക്കിടെ, മതപരിവർത്തനം നടത്തുന്നുവെന്ന ആരോപണവുമായി ബജ്രംഗ്ദൾ പ്രവർത്തകർ എത്തി. പ്രാർഥനയ്ക്കെത്തിയവരെ അവർ മർദിച്ചതായി പരാതിയുണ്ട്.
ശശികലയുടെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:
കന്യാസ്ത്രീകളുടെ അറസ്റ്റിനെ മാമാങ്കമാക്കിയവർക്ക് നന്ദി.
ഇപ്പോൾ അവരെല്ലാം കൂടുതൽ ജാഗ്രതയോടെ പെരുമാറാൻ തുടങ്ങി.
മതം മാറ്റം അവസാനിപ്പിക്കാതെ ബഹളം കൂട്ടി നടന്നാലൊന്നും ഈ വിഷയം അവസാനിക്കില്ല.
സേവിക്കാൻ മുട്ടുന്നുണ്ടെങ്കിൽ സേവിച്ചോളു
പക്ഷേ അതിൻ്റെ ഒപ്പം പ്രാർത്ഥനയും #സുവിശേഷവും കുരിശിൽ കേറ്റലുമൊന്നും അകമ്പടി വേണ്ടാ.
നിങ്ങളുടെ Good book ൽ കയറാനായി #മതംമാറ്റ മടക്കമുള്ള അടിസ്ഥാന വിഷയങ്ങളിൽ വിട്ടുവീഴ്ചക്ക് ആരും തയ്യാറല്ല.
നാട്ടിൽ സ്വസ്ഥതയുണ്ടാകാൻ
ക്രൈസ്തവ പുരോഹിതരേയും ഇസ്ലാമിക പുരോഹിതരേയും രക്ഷിക്കാൻ മോദിജി അങ്ങ് തന്നെ ഉത്സാഹിക്കണം
നോട്ടു നിരോധനം പോലെ
ഫോറിൻ ഫണ്ട് നിയന്ത്രിച്ച പോലെ
ആ 370 തോണ്ടി കടലിലിട്ട പോലെ
PFl യെ നിരോധിച്ചു പോലെ
ഈ മതം മാറ്റവും നിയമം മൂലം നിരോധിക്കണം
മതം മാറ്റം നടത്തുന്നവർക്ക് കർശന ശിക്ഷ ഉറപ്പു വരുത്തണം”
ആ ശിക്ഷ ജനങ്ങൾ കൊടുക്കേണ്ടി വരുന്നത് അത്ര സുഖകരമല്ലല്ലോ