തിരുവനന്തപുരം: ഫര്‍സാനയുടെ മരണത്തില്‍ വിറങ്ങലിച്ച് വെഞ്ഞാറമൂട് മൂക്കന്നൂരിലെ പ്രദേശവാസികളും ബന്ധുക്കളും. വെഞ്ഞാറമൂട്ടിലെ സ്‌കൂളില്‍ പഠനകാലയളവില്‍ തുടങ്ങിയ പ്രണയമാണ് അഫാനും ഫര്‍സാനയും തമ്മില്‍. അഞ്ചലിലെ കോളജില്‍ പിജി വിദ്യാര്‍ഥിനിയാണ് ഫര്‍സാന. പഠിക്കാന്‍ മിടുക്കി ആയിരുന്നു. ട്യൂഷനു പോകുന്നുവെന്നാണ് ഫര്‍സാന ഇന്നലെ വീട്ടില്‍ പറഞ്ഞത്.
വൈകിട്ട് മൂന്നര വരെ ഫര്‍സാന വീട്ടില്‍ ഉണ്ടായിരുന്നു. പിന്നാലെ കാമുകന്‍ അഫാന്‍ വീട്ടിലേക്കു കൂട്ടികൊണ്ടുപോകുകയിരുന്നു. വീടിന്റെ മുകളിലത്തെ നിലയിലെ മുറിയില്‍ എത്തിച്ചശേഷമാണ് കൊന്നത്. മുനയുള്ള ആയുധം ഉപയോഗിച്ചു തലയില്‍ കുത്തിയാണു കൊലപാതകമെന്നാണു പൊലീസ് പറയുന്നത്. മുഖമാകെ വികൃതമാക്കിയ നിലയിലായിരുന്നു. പേരുമലയിലെ കൂട്ടക്കൊലപാതക വിവരം പുറത്തറിഞ്ഞപ്പോഴാണ് ഫര്‍സാനയും ഉള്‍പ്പെട്ടതായി വ്യക്തമായത്.
രണ്ടു ദിവസം മുന്‍പ് പെണ്‍കുട്ടിയുമായി അഫാന്‍ ബുള്ളറ്റില്‍ യാത്രചെയ്യുന്നത് അഫാന്റെ ബന്ധു കണ്ടിരുന്നു. ഫര്‍സാനയുടെ തലയ്ക്കു പ്രതി തുരുതുരാ അടിച്ചുവെന്നാണ് പൊലീസ് പറയുന്നത്. ഫര്‍സാനയുടെ തലയിലെ മുറിവ് വളരെ ആഴത്തിലുള്ളതാണ്. നെറ്റിയുടെ രണ്ടുവശത്തും നടുക്കും ചുറ്റികകൊണ്ട് ആഴത്തില്‍ അടിച്ച പാടുമുണ്ട്.
താന്‍ മരിച്ചാല്‍ കാമുകി തനിച്ചാകും എന്ന് കരുതിയാണു ഫര്‍സാനയെ കൊലപ്പെടുത്തിയതെന്നാണ് അഫാന്റെ മൊഴി. ഫര്‍സാനയുടെ മരണമറിഞ്ഞു പൊട്ടിക്കരഞ്ഞ പിതാവ് സുനിലിനെ ആശ്വസിപ്പിക്കാന്‍ ബന്ധുക്കള്‍ ബുദ്ധിമുട്ടി. മരണപ്പെട്ടതു തന്റെ മകളാകല്ലേ എന്ന പ്രാര്‍ഥനയോടെയാണ് സുനില്‍ വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലെത്തിയത്. വെല്‍ഡിങ് ജോലിക്കാരനാണു സുനില്‍.