കണ്ണൂർ: കണ്ണൂർ കരിവെള്ളൂരിൽ പോലീസ് ഉദ്യോഗസ്ഥ ദിവ്യശ്രീയെ വെട്ടിക്കൊന്ന സംഭവത്തിൽ പ്രതിയായ ഭർത്താവ് രാജേഷിന്റെ മൊഴി പുറത്ത്.
ഭാര്യ ദിവ്യശ്രീയെ കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെയാണ് അവരുടെ വീട്ടിലെത്തിയത്. ഭാര്യ വിവാഹമോചനത്തിൽ ഉറച്ചുനിന്നതാണ് പ്രകോപനം. പുറമെ, ഏഴുലക്ഷം രൂപയും സ്വർണഭരണങ്ങളും തിരികെ ചോദിച്ചതും കൊലപാതകത്തിലേക്ക് നയിച്ചതായി പ്രതി മൊഴി നൽകിയതായി പോലീസ് പറഞ്ഞു.
ഇന്നലെ വൈകീട്ടാണ് പ്രതി ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം കൊടുവാൾ ഉപയോഗിച്ച് വെട്ടിയത്. മുഖത്തും കഴുത്തിനും ഗുരുതരമായ പരുക്കേറ്റ ദിവ്യശ്രീയെ ഉടനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സി.പി.ഒ കൂടിയായ ദിവ്യശ്രീയും രാജേഷും തമ്മിൽ കുറേനാളായി അകന്നാണ് കഴിയുന്നത്. അക്രമം തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛനെയും പ്രതി വെട്ടിപ്പരുക്കേൽപ്പിച്ചിട്ടുണ്ട്. കൊലപാതകത്തിനുശേഷം ഓടിരക്ഷപ്പെട്ട പ്രതിയെ ഇന്നലെ രാത്രി കണ്ണൂർ പുതിയതെരുവ് ബാറിൽ നിന്നാണ് പിടികൂടിയത്.