കണ്ണൂർ: വനിതാ പോലീസ് ഉദ്യോഗസ്ഥയെ വെട്ടിക്കൊന്ന ഭർത്താവ് പിടിയിൽ. പ്രതി രാജേഷിനെ കണ്ണൂർ പുതിയതെരുവ് ബാറിൽ നിന്ന് പിടികൂടിയതായി പോലീസ് അറിയിച്ചു.
കാസർഗോഡ് ചന്തേര പോലീസ് സ്റ്റേഷനിലെ സി പി ഒയും കരിവെള്ളൂർ പലിയേരി സ്വദേശിനിയുമായ ദിവ്യശ്രീ ആണ് ഇന്ന് വൈകീട്ട് അഞ്ചരയോടെ കൊല്ലപ്പെട്ടത്. ദിവ്യശ്രീയുടെ ദേഹത്ത് പെട്രോൾ ഒഴിച്ച ശേഷം പ്രതി വെട്ടുകയായിരുന്നു. മുഖത്തും കഴുത്തിനും ഗുരുതര പരുക്കേറ്റ ദിവ്യശ്രീയെ ഉടനെ പയ്യന്നൂരിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
ദിവ്യശ്രീയുടെ വീട്ടിലെത്തിയാണ് രാജേഷ് കൊടുവാൾ ഉപയോഗിച്ചു വെട്ടിയത്. തടയാൻ ശ്രമിച്ച അച്ഛൻ വാസുവിനും കഴുത്തിനും വയറിനും വെട്ടേറ്റിട്ടുണ്ട്. ബഹളം കേട്ട് നാട്ടുകാർ ഓടിയെത്തിയപ്പോഴേക്കും പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്നുള്ള തിരച്ചിലിലാണ് പ്രതിയെ പോലീസ് ബാറിൽനിന്ന് പിടികൂടിയത്.
ഇരുവരും തമ്മിൽ ദാമ്പത്യ പ്രശ്നങ്ങളുണ്ടായിരുന്നു. ഇതേ തുടർന്ന് കഴിഞ്ഞ കുറേനാളായി ഇരുവരും അകന്നു കഴിയുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു.