(മുക്കം)കോഴിക്കോട്: മുക്കം മാമ്പറ്റയിലെ ഹോട്ടൽ ജീവനക്കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ മുഖ്യപ്രതിയും സങ്കേതം ഹോട്ടൽ ഉടമയുമായ ദേവദാസ് പോലീസ് പിടിയിൽ. തൃശൂർ കുന്നംകുളത്തുവെച്ച് ബുധനാഴ്ച പുലർച്ചെ നാലോടെയാണ് പ്രതിയെ പിടികൂടിയത്.
പ്രതിയെ മുക്കത്ത് എത്തിച്ച് ചോദ്യംചെയ്ത് വരികയാണെന്നും മറ്റു രണ്ടു പ്രതികൾക്കായി അന്വേഷണം ഊർജിതമായി തുടരുകയാണെന്നും മുക്കം പോലീസ് പ്രതികരിച്ചു.
കോഴിക്കോട് സ്വന്തം വാഹനം ഉപേക്ഷിച്ച് കൊച്ചിയിലേക്കുള്ള യാത്രയ്ക്കിടെയാണ് പ്രതി പോലീസ് വലയിലായത്. പ്രതി ഹൈക്കോടതിയെ സമീപിച്ച് മുൻകൂർ ജാമ്യത്തിനായുള്ള നീക്കത്തിനിടെയാണ് പിടിയിലായതെന്നാണ് വിവരം.
സംഭവം നടന്ന് നാലാംദിവസമാണ് കേസിലെ മുഖ്യ പ്രതി പിടിയിലായത്. അതിനിടെ പീഡന ശ്രമത്തിനിടെ കെട്ടിടത്തിൽനിന്നും ചാടി നട്ടെല്ലിന് ഉൾപ്പെടെ പരുക്കേറ്റ പയ്യന്നൂർ സ്വദേശിനിയായ 24-കാരിയായ യുവതി കോഴിക്കോട് മെഡിക്കൽ കോളജിൽ ഗുരുതരാവസ്ഥയിൽ തുടരുകയാണ്.
യുവതിയെ ഹോട്ടലുടമയും രണ്ട് ജീവനക്കാരും ഉപദ്രവിക്കാൻ ശ്രമിച്ചതിന്റെ വീഡിയോ ഇന്നലെ ഇരയുടെ കുടുംബം പുറത്തുവിട്ടിരുന്നു. യുവതി പേടിച്ച് ബഹളം വെക്കുന്നതും ബഹളം വയ്ക്കരുതന്ന് യുവതിയോട് പ്രതികൾ പറയുന്നതും വീഡിയോയിലുണ്ട്. ഹോട്ടൽ ജീവനക്കാരിയായ യുവതി താമസ്ഥലത്ത് വീഡിയോ ഗെയിം കളിക്കവെ ശനിയാഴ്ച രാത്രി 11 മണിയോടെയാണ് ഹോട്ടലുടമ ദേവദാസും രണ്ട് ജീവനക്കാരും താമസ സ്ഥലത്ത് എത്തിയത്. സഹതാമസക്കാർ അവധിയിൽ പോയത് മുതലെടുത്തായിരുന്നു ഇവരുടെ വരവ്. വീട്ടിലെത്തിയവരെക്കണ്ട് യുവതി കരഞ്ഞ് ബഹളമുണ്ടാക്കിയപ്പോൾ ശബ്ദം ഉയർത്തരുതെന്ന് യുവതിയോട് പ്രതികൾ പറയുന്നതും വീഡിയോയിലുണ്ട്.
ഇതിന് പിന്നാലെയാണ് യുവതി പ്രതികളുടെ ഉപദ്രവത്തിൽനിന്നും രക്ഷപ്പെടാനായി കെട്ടിടത്തിൽനിന്ന് ചാടിയതും ഗുരുതരമായ പരുക്കേറ്റതും. ഹോട്ടൽ ഉടമക്കു പുറമെ, ജീവനക്കാരായ റിയാസ്, സുരേഷ് എന്നിവരാണ് കേസിലെ മറ്റു പ്രതികൾ.
പയ്യന്നൂർ സ്വദേശിനിയായ യുവതി മൂന്നു മാസം മുമ്പാണ് മുക്കം മാമ്പറ്റയിലെ ഹോട്ടലിൽ ജോലിക്കെത്തിയത്.
പീഡന സംഭവത്തിൽ കേരള വനിത കമ്മിഷൻ അധ്യക്ഷ അടിയന്തര റിപോർട്ട് തേടിയിട്ടുണ്ട്. കോഴിക്കോട് റൂറൽ എസ്.പിയോടാണ് കമ്മിഷൻ അധ്യക്ഷ അഡ്വ. പി സതീദേവി റിപോർട്ട് തേടിയത്.
പ്രതികളെ പിടികൂടുന്നതിൽ പോലീസ് അനാസ്ഥ ചൂണ്ടിക്കാട്ടി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ വൻ പ്രതിഷേധമാണ് ഉയർന്നത്.