കൊച്ചി– പള്ളുരുത്തി സെന്റ് റീത്താസ് പബ്ലിക് സ്കൂളിന് കേരള ഹൈക്കോടതിയുടെ തിരിച്ചടി. ശിരോവസ്ത്രം ധരിച്ച വിദ്യാർത്ഥിനിയെ സ്കൂളിൽ പ്രവേശിപ്പിക്കണമെന്ന ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ ഓഫ് എജ്യൂക്കേഷൻ (ഡിഡിഇ) പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേ നൽകണമെന്ന സ്കൂളിന്റെ ആവശ്യം കോടതി നിരസിച്ചു. ഈ ഉത്തരവ് താൽക്കാലികമായി നിർത്തിവയ്ക്കണമെന്ന ഹർജി തള്ളിക്കളഞ്ഞ ഹൈക്കോടതി, സർക്കാരിനോട് വിശദമായ വിശദീകരണം സമർപ്പിക്കാൻ നിർദേശിച്ചു.
അതേസമയം, പള്ളുരുത്തി ഹിജാബ് വിവാദത്തിൽ വിദ്യാർത്ഥിനിയുടെ പിതാവും അഭിഭാഷകനും രംഗത്തെത്തി. കുട്ടിയെ ട്രാൻസ്ഫർ സർട്ടിഫിക്കറ്റ് (ടിസി) വാങ്ങി മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് പിതാവ് അനസ് നൈന അറിയിച്ചു. കുട്ടി മാനസികമായി ഗുരുതരമായ സമ്മർദ്ദത്തിലാണെന്നും, അതിനാൽ ഈ തീരുമാനത്തിലെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. സ്കൂൾ അധികൃതർ മതേതര വസ്ത്രങ്ങൾ മാത്രം അനുവദിക്കുമെന്ന നിലപാടിനോട് പ്രതികരിച്ചുകൊണ്ട്, “എന്റെ മകൾ ധരിച്ച ഷോൾ മതേതരമല്ലേ?” എന്ന് പിതാവ് ചോദിച്ചു. കൂടാതെ, കുട്ടിക്കും കുടുംബത്തിനുമെതിരെ വ്യാജ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും, ഇതിനെതിരെ നിയമനടപടികൾ സ്വീകരിക്കുമെന്നും അഭിഭാഷകൻ അറിയിച്ചു.
വിഷയത്തിൽ സ്കൂളിന് സംരക്ഷണം നൽകിയ ഹൈക്കോടതിക്ക് നന്ദി അറിയിച്ച് സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ഹെലീന ആൽബി രംഗത്തെത്തി. വിദ്യാഭ്യാസ മന്ത്രിക്കും നന്ദി പ്രകടിപ്പിച്ച അവർ, സ്കൂളിന്റെ നിയമങ്ങൾ പാലിക്കാൻ തയ്യാറായാൽ വിദ്യാർത്ഥിനി പഠനം തുടരാമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. “കോടതിയും സർക്കാരും നൽകിയ സംരക്ഷണത്തിന് നന്ദി. സ്കൂളിന്റെ നിയമങ്ങൾ അനുസരിച്ച് വിദ്യാർത്ഥിനി എത്തിയാൽ സ്വാഗതം. കുട്ടികൾക്ക് വേണ്ടതെല്ലാം സ്കൂൾ ഉറപ്പാക്കുന്നു. കുട്ടി ടിസി വാങ്ങാൻ തീരുമാനിച്ചത് അറിയില്ല. കോടതിയുടെ മുന്നിലുള്ള വിഷയങ്ങൾ നിയമപരമായി പരിഹരിക്കട്ടെ” – സിസ്റ്റർ ഹെലീന ആൽബി പറഞ്ഞു.
കുട്ടി പഠനം നിർത്തി പോയാൽ സ്കൂൾ അധികൃതർ സർക്കാറിനോട് മറുപടി പറയേണ്ടി വരും- മന്ത്രി വി.ശിവൻകുട്ടി
ഹിജാബ് വിവാദത്തിൽ സ്കൂൾ മാനേജ്മെന്റിനെതിരെ കടുത്ത വിമർശനം ഉയർത്തി വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കുട്ടി സ്കൂൾ വിടാൻ നിർബന്ധിതയാകാൻ കാരണമായവർക്ക് മറുപടി പറയേണ്ടിവരുമെന്ന് മന്ത്രി മാധ്യമങ്ങളോട് പ്രതികരിച്ചു. ഹിജാബിനെതിരെ സംസാരിച്ചത് ശിരോവസ്ത്രം ധരിച്ച പ്രിൻസിപ്പലാണെന്നും അദ്ദേഹം വിമർശിച്ചു. പിതാവ് മകളെ മറ്റൊരു സ്കൂളിലേക്ക് മാറ്റുമെന്ന് അറിയിച്ചതിന് പിന്നാലെയാണ് മന്ത്രിയുടെ ഇടപെടൽ. അതേസമയം, പാലക്കാട്ടെ 14-കാരന്റെ ആത്മഹത്യയിൽ വിദ്യാഭ്യാസ വകുപ്പ് ആഴത്തിലുള്ള അന്വേഷണം നടത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഡിഡിഇയുടെ നിലവിലെ അന്വേഷണ റിപ്പോർട്ട് തൃപ്തികരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.