കൊച്ചി – തൃപ്പൂണിത്തുറ തെരഞ്ഞെടുപ്പ് കേസില്‍ ഹൈക്കോടതി നാളെ വിധി പറയും. എം എല്‍ എ കെ ബാബുവിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥിയായിരുന്ന എം സ്വരാജ് നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നാളെ വിധി പറയുന്നത്. അയ്യപ്പന്റെ ചിത്രം ഉപയോഗിച്ച് വോട്ട് പിടിച്ചാണ് കെ ബാബു വിജയിച്ചതെന്നും അതിനാല്‍ അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പ് അസാധുവാക്കി തന്നെ വിജയിയായി പ്രഖ്യാപിക്കണമെന്നുമാണ് എം. സ്വരാജിന്റെ ആവശ്യം. തെരഞ്ഞെടുപ്പ് സമയത്ത് വീടുകളില്‍ വിതരണം ചെയ്ത സ്ലിപ്പില്‍ സ്ഥാനാര്‍ത്ഥിയുടെ ഫോട്ടോയ്ക്ക് ഒപ്പം അയ്യപ്പന്റെ ഫോട്ടോയും വെച്ചെന്ന് സ്വരാജ് ആരോപിക്കുന്നു. കെ ബാബു തോറ്റാല്‍ അയ്യപ്പന്‍ തോല്‍ക്കുന്നതിന് തുല്യമാണെന്ന് കാണിച്ച് മണ്ഡലത്തില്‍ പ്രചാരണം നടത്തി എന്നും സ്വരാജ് കോടതിയെ അറിയിച്ചിരുന്നു.
കെ ബാബുവിന്റെ നിയമസഭ തെരഞ്ഞെടുപ്പ് വിജയത്തിനെതിരെ എതിര്‍ സ്ഥാനാര്‍ത്ഥി എം സ്വരാജ് നല്‍കിയ ഹര്‍ജി നിലനില്‍ക്കുമെന്ന് ഹൈക്കോടതി കഴിഞ്ഞ വര്‍ഷം ഉത്തരവിറക്കിയിരുന്നു. എന്നാല്‍ തനിക്കെതിരെ കൃത്രിമമായി ഉണ്ടാക്കിയ രേഖയാണ് സ്വരാജ് കോടതിയില്‍ സമര്‍പ്പിച്ചതെന്നാണ് കെ ബാബുവിന്റെ വാദം. തൃപ്പൂണിത്തുറയില്‍ 992 വോട്ടുകള്‍ക്കാണ് സ്വരാജിനെതിരെ കെ ബാബു വിജയിച്ചത്. ലോകസഭാ തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് നിയമസഭാ തെരഞ്ഞെടുപ്പ് കേസില്‍ വിധി വരുന്നത്. അതുകൊണ്ട് തന്നെ വിധി രണ്ട് മുന്നണികള്‍ക്കും നിര്‍ണ്ണായകമാണ്.