കൊച്ചി– ലോക്‌സഭ തിരഞ്ഞെടുപ്പ് സമയത്ത് ആദായ നികുതി വകുപ്പ് സി.പി.എമ്മിന്റെ ഒരു കോടി രൂപ പിടിച്ചെടുത്ത നടപടിയില്‍ തെറ്റില്ലെന്ന് ഹൈക്കോടതി. ആദായ വകുപ്പ് സ്വീകരിച്ച നടപടിയും പരിശോധനയും നിയമപരമാണെന്ന് കോടതി പ്രസ്താവിച്ചു. തൃശൂര്‍ ബാങ്ക് ഓഫ് ഇന്ത്യയിലേക്ക് നിക്ഷേപിക്കാന്‍ കൊണ്ടുവന്ന തുകയാണ് ആദായ നികുതി വകുപ്പ് പിടിച്ചെടുത്തത്. മുമ്പ് ഇതേ ബാങ്കിന്റെ അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച തുക തിരിച്ചക്കാനെത്തിയപ്പോഴാണ് പിടിച്ചെടുത്തത്.
പാര്‍ട്ടിയുടെ നിയമവിധേയമായ ചിലവുകള്‍ക്ക് 2024 ഏപ്രില്‍ 2ന് ബാങ്കില്‍ നിന്ന് ഒരു കോടി പിന്‍വലിച്ചിരുന്നു. ഏപ്രില്‍ 5ന് ബാങ്കില്‍ പരിശോധയ്‌ക്കെത്തിയ ആദായ നികുതി ഉദ്യോഗസ്ഥര്‍ പണം പിന്‍വലിച്ചത് തെറ്റായ നടപടിയെന്ന് വ്യാഖ്യാനിച്ചു. പിന്നാലെ ഇടപാട് മരവിപ്പിച്ച് ആദായ നികുതി വകുപ്പ് തൃശൂര്‍ അസിസ്റ്റന്റ് ഡയറക്ടര്‍ സി.പി.എം ജില്ലാ സെക്രട്ടറിക്ക് നോട്ടീസ് നല്‍കി. ഇത് പ്രകാരം പണവുമായി ബാങ്കിലെത്തിയപ്പോഴാണ് പണം പിടിച്ചെടുത്തതെന്നാണ് എം.എം വര്‍ഗീസിന്റെ മൊഴി.
ഈ നടപടികളെ ചോദ്യം ചെയ്താണ് വര്‍ഗീസ് കോടതിയെ സമീപിച്ചത്. നിയമപരമായ നടപടികള്‍ മാത്രമാണ് ആദായ നികുതി വകുപ്പിന്റെ ഭാഗത്തു നിന്നുണ്ടായതെന്നും കൃത്യമായി നടപടിക്രമങ്ങള്‍ പാലിച്ചാണ് പണം പിടിച്ചെടുത്തതെന്നും കോടതി വിലയിരുത്തി. ആദായ നികുതി വകുപ്പിന് എതിരെ സി.പി.എം സമര്‍പ്പിച്ച ഹര്‍ജി കോടതി തള്ളി.