തിരുവനന്തപുരം– സംസ്ഥാന സർക്കാരിന്റെ നവകേരള സിറ്റിസൺസ് റെസ്‌പോൺസ് പ്രോഗ്രാമിന് (നവകേരള സർവേ) ഹൈക്കോടതിയിൽനിന്ന് കനത്ത തിരിച്ചടി. രാഷ്ട്രീയ പ്രചാരണങ്ങളുടെ മറവിൽ ഇത്തരം സർവേകൾ നടത്താൻ പാടില്ലെന്ന് വ്യക്തമാക്കിയ ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് പദ്ധതി റദ്ദാക്കി ഉത്തരവിട്ടു. ഖജനാവിലെ പണം രാഷ്ട്രീയ താത്പര്യങ്ങൾക്കായി ഉപയോഗിക്കുന്നത് സാമ്പത്തിക നിയമങ്ങളിൽ നിന്നുള്ള വ്യതിചലനമാണെന്ന് കോടതി നിരീക്ഷിച്ചു. കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യർ, ജനറൽ സെക്രട്ടറി മുബാസ് എന്നിവർ നൽകിയ ഹർജി പരിഗണിച്ചാണ് കോടതിയുടെ ഈ സുപ്രധാന നടപടി.
2031-ഓടെ വികസിത കേരളം കെട്ടിപ്പടുക്കുന്നതിനായുള്ള ജനകീയ അഭിപ്രായശേഖരണം എന്ന നിലയിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ ഈ പദ്ധതി പ്രഖ്യാപിച്ചത്. നാടിന്റെ ഭാവി വികസനത്തിനായുള്ള നിർദ്ദേശങ്ങൾ തേടുന്ന നാല് പ്രധാന ചോദ്യങ്ങളാണ് സർവേയിൽ ഉൾപ്പെടുത്തിയിരുന്നത്. ഒരു വാർഡിൽ രണ്ട് സന്നദ്ധപ്രവർത്തകർ എന്ന നിലയിൽ സംസ്ഥാനത്താകെ 85,000 പേരെയാണ് വിവരശേഖരണത്തിനായി നിയോഗിച്ചിരുന്നത്. സർക്കാരിന്റെ നേട്ടങ്ങൾ വിശദീകരിക്കുന്ന ലഘുലേഖകൾ വിതരണം ചെയ്യുന്നതും ഈ ക്യാമ്പയിന്റെ ഭാഗമായിരുന്നു.
എന്നാൽ, പൊതുഖജനാവിൽ നിന്ന് 20 കോടി രൂപ ചെലവഴിച്ച് സി.പി.എം പാർട്ടി ക്യാമ്പയിൻ നടത്തുകയാണ് എന്നായിരുന്നു പ്രതിപക്ഷത്തിന്റെ പ്രധാന ആരോപണം. സി.പി.എം, ഡി.വൈ.എഫ്.ഐ പ്രവർത്തകരെ സന്നദ്ധ സേവകരായി ഉപയോഗിക്കുന്നത് രാഷ്ട്രീയ ലാഭം ലക്ഷ്യമിട്ടാണെന്നും ബജറ്റിൽ വകയിരുത്താത്ത തുകയാണ് ഇതിനായി വിനിയോഗിക്കുന്നതെന്നും ഹർജിക്കാർ കോടതിയിൽ ചൂണ്ടിക്കാട്ടി. ഈ വാദങ്ങൾ ശരിവെച്ചുകൊണ്ടാണ് രണ്ട് മാസം നീണ്ടുനിൽക്കേണ്ടിയിരുന്ന സർവേ നടപടികൾ ഹൈക്കോടതി തടഞ്ഞത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായി സർക്കാരിന്റെ പ്രതിച്ഛായ വർദ്ധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള നീക്കത്തിനാണ് കോടതി വിധിയിലൂടെ തിരിച്ചടിയേറ്റത്.



