കൊച്ചി: അന്തരിച്ച മുതിർന്ന സി.പി.എം നേതാവ് എം.എം ലോറൻസിന്റെ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറരുതെന്ന മകളുടെ ഹരജിയിൽ ഇടപെട്ട് ഹൈക്കോടതി. മകളുടെ ഭാഗം കൂടി കേട്ട് അന്തിമ തീരുമാനം എടുക്കുന്നതുവരെ മൃതദേഹം മെഡിക്കൽ കോളജിലെ മോർച്ചറിയിൽ സൂക്ഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു. മൃതദേഹം പള്ളിയിൽ സംസ്‌കരിക്കാൻ അനുവദിക്കണമെന്ന മകൾ ആശ ലോറൻസിന്റെ ഹരജിയിലാണ് ഹൈക്കോടതി ഉത്തരവ്.
കേസ് പരിഗണിച്ചപ്പോൾ മൃതദേഹം മെഡിക്കൽ കോളജിന് കൈമാറണമെന്നുള്ള രേഖകൾ എന്തെങ്കിലുമുണ്ടോ എന്നായിരുന്നു കോടതിയുടെ ചോദ്യം. എന്നാൽ, അനുയായികളോടും അടുപ്പമുള്ളവരോടും പറഞ്ഞിട്ടുണ്ടെന്നായിരുന്നു മകന്റെ മറുപടി. രണ്ട് മക്കൾ തയ്യാറാക്കിയ അഫിഡവിറ്റ് മെഡിക്കൽ കോളജ് സൂപ്രണ്ടിന് നല്കിയിട്ടുണ്ടെന്നും കോടതിയെ അറിയിച്ചു.
മകൾ ആശയുടെ പരാതിയും പരിഗണിക്കേണ്ടതുണ്ടെന്ന് പറഞ്ഞ കോടതി തീരുമാനമെടുക്കുന്നതുവരെ മെഡിക്കൽ കോളജിൽ സൂക്ഷിക്കാൻ നിർദേശിക്കുകയായിരുന്നു. അനാട്ടമി ആക്ട് അനുസരിച്ച് മെഡിക്കൽ കോളജിന് അന്തിമ തീരുമാനം എടുക്കാമെന്നും ഹൈക്കോടതി വ്യക്തമാക്കി.
ന്യുമോണിയ ബാധയെത്തുടർന്ന് ചികിത്സയിലിരിക്കെ ശനിയാഴ്ച ഉച്ചയോടെയായിരുന്നു എം.എം ലോറൻസിന്റെ മരണം. മൃതദേഹം ഇന്ന് വൈകുന്നേരം നാലിന് കളമശ്ശേരി മെഡിക്കൽ കോളജിന് കൈമാറാനിരിക്കെയാണ് മകൾ കോടതിയെ സമീപിച്ചത്.
അതിനിടെ, സംഭവത്തിൽ പാർട്ടിക്ക് നിർബന്ധ ബുദ്ധിയില്ലെന്നും കുടുംബം തീരുമാനമെടുക്കട്ടെയെന്നും സി.പി.എം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹനൻ പ്രതികരിച്ചു.