കണ്ണൂർ: കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ മരണത്തിൽ ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തപ്പെട്ട് ഒളിവിലായിരുന്ന കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റും സി.പി.എം നേതാവുമായ പി.പി ദിവ്യ ആശുപത്രിയിൽ ചികിത്സ തേടി. അമിത രക്തസമ്മർദ്ദത്തെ തുടർന്ന് പയ്യന്നൂർ സഹകരണ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ചികിത്സയ്ക്ക് ശേഷം ആശുപത്രി വിട്ടു.
ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയിൽ ചൊവ്വാഴ്ച തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതി വിധി പറയാനിരിക്കയാണ്. അന്വേഷണ സംഘത്തിന് മുമ്പാകെ ചോദ്യം ചെയ്യിലിന് ഹാജറാകാതെ ഒളിവിൽ പോയ ദിവ്യയെ ഇതുവരെയും പിടികൂടാൻ പോലീസിനാവാത്തത് വൻ വിമർശങ്ങൾക്കിട വരുത്തിയിട്ടുണ്ട്. പാർട്ടി പോലീസിന് മുമ്പാകെ കീഴടങ്ങാൻ നിർദേശിച്ചതായി സൂചനകളുണ്ടായിരുന്നെങ്കിലും മുൻകൂർ ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയാണ് ദിവ്യയുടെ അഭിഭാഷകൻ പ്രകടിപ്പിച്ചതെന്നാണ് വിവരം. ഇനി ജാമ്യം നിഷേധിക്കപ്പെട്ടാൽ ഹൈക്കോടതിയെ സമീപിക്കുമോ അതോ പോലീസിന് മുമ്പാകെ കീഴടങ്ങുമോ എന്നതും ഇന്ന് അറിയാനാകും.
എ.ഡി.എമ്മിന്റെ യാത്രയയപ്പ് ചടങ്ങിനിടെ ദിവ്യ നടത്തിയ ആരോപണങ്ങൾക്ക് പിന്നാലെയാണ് നവീൻ ബാബു ജീവിതത്തോട് വിട പറഞ്ഞത്. സംഭവത്തിൽ കുടുംബം കടുത്ത നിയമ പോരാട്ടത്തിന് തയ്യാറായി നിൽക്കുകയാണ്. പ്രതിയെ പോലീസ് പിടികൂടാത്തതിലും അന്വേഷണ സംഘം ചോദ്യം ചെയ്യാത്തതിലുമെല്ലാം കടുത്ത അതൃപ്തിയിലാണ് നവീൻ ബാബുവിന്റെ കുടുംബവും പത്തനം തിട്ടയിലെ സി.പി.എമ്മും അവരെ പിന്തുണയ്ക്കുന്നവരുമെല്ലാം.
നവീൻ ബാബുവിന്റെ മരണത്തിന് ഉത്തരവാദി ദിവ്യയാണെന്ന ശക്തമായ വികാരമാണ് പാർട്ടി കുടുംബമായ ഇവർക്കുമുള്ളത്. എന്നിട്ടും പോലീസിൽനിന്ന് നീതിപൂർവമായ നടപടി വൈകുന്നതിൽ കുടുംബത്തിന് കടുത്ത ആശങ്കയുണ്ട്. ദിവ്യ രാഷ്ട്രീയ ദുസ്സ്വാധീനം ഉപയോഗിച്ച് തെളിവുകൾ നശിപ്പിക്കുമെന്ന ആശങ്കയടക്കം കുടുംബത്തിനുണ്ടെന്നാണ് അറിയുന്നത്. വേണ്ടിവന്നാൽ ഹൈക്കോടതിയെയും സുപ്രിംകോടതിയെയും സമീപിക്കാനും കുടുംബം തയ്യാറാറാകും. മുൻകൂർ ജാമ്യാപേക്ഷയിലെ വിധിക്കനുസരിച്ച് പരസ്യ പ്രതികരണത്തിനും അവശ്യമെങ്കിൽ കുടുംബം രംഗത്തുവരുമെന്നാണ് വിവരം.
നവീൻ ബാബു ജോലിയിൽ യാതൊരു വീഴ്ചയും വരുത്തിയിട്ടില്ലെന്നും സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നും സാക്ഷ്യപ്പെടുത്തുന്നതാണ് ഇതുവരെയുള്ള അന്വേഷണ റിപോർട്ടുകളെല്ലാം.
അതിനിടെ, വിഷയം കൈകാര്യം ചെയ്തതിൽ ദിവ്യക്കു കടുത്ത വീഴ്ചയുണ്ടായെന്നാണ് സി.പി.എം കേന്ദ്രങ്ങളുടെയും വിലയിരുത്തൽ. ദിവ്യയുടെ അറസ്റ്റ് നീണ്ടുപോയതിൽ പാർട്ടിയിൽ പലർക്കും കടുത്ത അമർഷമുണ്ടെങ്കിലും മുൻകൂർ ജാമ്യാപേക്ഷയിലെ വിധി വരെ കാത്തിരിക്കുന്നത് സ്വാഭാവികമെന്ന് ന്യായീകരിക്കുന്നവരും ഉണ്ട്. പോലീസ് നടപടികൾക്കു പിന്നാലെ പാർട്ടി തലത്തിലും അന്വേഷണം നടത്തി ദിവ്യക്കെതിരേ നടപടി സ്വീകരിക്കാനാണ് നീക്കം നടക്കുന്നത്. പുതിയ ജില്ലാ കമ്മിറ്റിയിൽ ഇടം നൽകാത്തവിധം ശക്തമായ നടപടി വേണമെന്നാണ് പാർട്ടിയിലെ പലരുടെയും വികാരം. ഇതിന് പുറമെ പെട്രോൾ പമ്പിലെ ബിനാമി ഇടപാടുകളും, ദിവ്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായശേഷം നൽകിയ കരാറുകൾ അടക്കം ആരോപണം ഉയർന്ന വിഷയങ്ങളിൽ സത്യസന്ധമായ അന്വേഷണം നടത്തി ഉചിതമായ നടപടി വേണമെന്ന ആവശ്യവും നേതൃത്വത്തിന്റെ മുമ്പിൽ ശക്തമായുണ്ട്.