കോഴിക്കോട്: യു.ഡി.എഫ് സർക്കാറിന്റെ കാലത്ത് സ്വാശ്രയ സമരത്തിനെതിരെ പോരാടിയ കൂത്തുപറമ്പ് വെടിവെപ്പിലെ ജീവിച്ചിരുന്ന രക്തസാക്ഷി ചൊക്ലി മേനപ്രത്തെ പുതുക്കുടി പുഷ്പൻ (54) അന്തരിച്ചു. ആരോഗ്യപ്രശ്‌നങ്ങളെത്തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം.
ആഗസ്ത് രണ്ടിനാണ് അതീവ ഗുരുതരാവസ്ഥയിൽ പുഷ്പനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. പിന്നീട് ഹൃദയാഘാതത്തെ തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റുകയായിരുന്നു. ശേഷം ഇന്ന് ഉച്ചയ്ക്ക് 3.30-ഓടെയായിരുന്നു മരണം.
എ.കെ ആന്റണി സർക്കാറിന്റെ കാലത്തെ സ്വാശ്രയ വിദ്യാഭ്യാസ നയങ്ങളിൽ പ്രതിഷേധിച്ച് അന്നത്തെ സഹകരണ മന്ത്രിയായിരുന്ന എം.വി രാഘവനെ കൂത്തുപറമ്പിൽ എന്തുവില കൊടുത്തും തടയാനുള്ള ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധത്തിന് നേരെ 1994 നവംബർ 25ന് പോലീസ് വെടിവെപ്പ് നടത്തിയിരുന്നു. സംഭവത്തിൽ കെ.കെ രാജീവൻ, കെ.വി റോഷൻ, വി മധു, സി ബാബു, ഷിബുലാൽ എന്നി അഞ്ച് ഡി.വൈ.എഫ്.ഐ പ്രവർത്തകർ കൊല്ലപ്പെട്ടിരുന്നു.
അന്ന് 24-ാം വയസ്സിൽ, വെടിവെപ്പിൽ പരുക്കേറ്റ് സുഷുമ്‌ന നാഡി തകർന്ന്, ശരീരം തളർന്ന് കിടപ്പിലായതാണ് പുഷ്പൻ. അന്ന് വെടിയേറ്റ ജീവിച്ചിരിപ്പുള്ള ഏക രക്തസാക്ഷിയായിരുന്നു പുഷ്പൻ. പുഷ്പനെ കാണാൻ ചെഗുവേരയുടെ മകൾ അലിഡ ഗുവേര ഉൾപ്പെടെ ആയിരങ്ങൾ വീട്ടിലെത്തിയിരുന്നു. പൊരുതുന്ന ഇടത് മനസ്സുകളിൽ ആവേശമുയർത്തുന്ന വൈകാരിക പ്രതീകമായിരുന്നു പുഷ്പൻ. സമരപഥങ്ങളിലെ ആ കനലോർമയും ഇനി ചരിത്രത്തിലേക്ക്.
കർഷകത്തൊഴിലാളി കുടുംബത്തിൽ പിറന്ന സമരഭടന് എട്ടാംക്ലാസ് വരെയാണ് ഔപചാരിക വിദ്യാഭ്യാസം നേടാനായത്. അന്ന് സ്വാശ്രയ സമരത്തിന് പിന്തുണ നൽകിയെങ്കിലും പിന്നീട് നിലപാട് മാറ്റത്തിലേക്ക് പാർട്ടി എത്തിയപ്പോഴും ഒരു എതിർ ശബ്ദവുമില്ലാതെ പാർട്ടിയുടെ അടിയുറച്ച മുഖമായി പുഷ്പൻ നിലകൊണ്ടു.
അന്ന് പുഷ്പനും മരിച്ചുവീണ അഞ്ചു സമര സഖാക്കളും അടങ്ങുന്ന കൂത്തുപറമ്പിലെ രണ്ടായിരത്തി അഞ്ഞൂറോളം പ്രവർത്തകർ ആർക്കെതിരെയാണോ സമരം നയിച്ചത് അതേ നേതാവിനെ രണ്ടു പതിറ്റാണ്ടിനുശേഷം പാർട്ടി രാഷ്ട്രീയ ആലിംഗനം ചെയ്തതതിനും സഹനസൂര്യൻ സാക്ഷിയാണ്. ശേഷം എം.വി.ആറിന്റെ മകനും മാധ്യമപ്രവർത്തകനുമായ എം.വി നികേഷ് കുമാറിന് പാർട്ടി നിയമസഭയിലേക്ക് ടിക്കറ്റ് കൊടുത്തപ്പോഴും ചുവപ്പു പടർത്താൻ മനസ്സിൽ പിശുക്ക് കാണിക്കാതെ, സി.പി.എമ്മിൽ അടിയുറച്ചുനിന്ന ധീരനായിരുന്നു പുഷ്പൻ. ചികിത്സയും മരുന്നുമായി വേദനയിലൂടെയുള്ള നിരന്തര യാത്രയ്ക്കിടെയാണ് സഹനസൂര്യന്റെ വിടവാങ്ങൽ.
സി.പി.എം നേർത്ത് മേനപ്രം ബ്രാഞ്ച് അംഗമാണ്. പരേതരായ കുഞ്ഞിക്കുട്ടിയുടെയും ലക്ഷ്മിയുടെയും ആറുമക്കളിൽ അഞ്ചാമനാണ് പുഷ്പൻ. സഹോദരങ്ങൾ: ശശി, രാജൻ, അജിത (പുല്ലൂക്കര), ജാനു, പ്രകാശൻ (തലശ്ശേരി താലൂക്ക് ഓഫീസ്).