പാലക്കാട്– പാലക്കാട് നഗരസഭയില്‍ കൂട്ടത്തല്ല്. നഗരസഭക്ക് കീഴിലെ ഭിന്നശേഷി നൈപുണ്യ വികസന കേന്ദ്രത്തിന് ആര്‍.എസ്.എസ് നേതാവ് ഹെഡ്‌ഗേവാറിന്റെ പേര് നല്‍കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാവിശ്യപ്പെട്ടുള്ള പ്രതിഷേധത്തിനിടെയാണ് കയ്യാങ്കളി. സംഘടിതരായെത്തി യു.ഡി.എഫ് കൗണ്‍സിലര്‍മാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നെന്ന് ബി.ജെ.പി ആരോപിച്ചു.
ആരാണ് ഹെഡ്‌ഗേവര്‍ എന്ന് ഇംഗ്ലീഷിലെഴുതിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിപക്ഷ കൗണ്‍സിലര്‍മാര്‍ പ്രതിഷേധിച്ചത്. പുറത്തുനിന്ന് വന്ന ആളുകള്‍ കൗണ്‍സിലറെ കയ്യേറ്റം ചെയ്തുവെന്ന് യു.ഡി.എഫ് ആരോപിച്ചു. ഇതിനിടെ നഗരസഭക്ക് പുറത്ത് ബി.ജെ.പി പ്രവര്‍ത്തകര്‍ പ്രതിഷേധവുമായെത്തി. ഹെഡ്‌ഗേവാറിന്റെ പേരിടുന്നതിനെതിരെ ശിലാസ്ഥാപന ചടങ്ങിലും പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ തീരുമാനവുമായി മുന്നോട്ട്‌പോകുമെന്ന ഉറച്ച നിലപാടിലാണ് പാലക്കാട് നഗരസഭ നേത്രത്വം.
അനധികൃതമായി കൗണ്‍സില്‍ യോഗത്തില്‍ ആരെയും കയറ്റിയിട്ടില്ലെന്ന് ബി.ജെ.പി പ്രതികരിച്ചു. യു.ഡി.എഫ്, എല്‍.ഡി.എഫ് അംഗങ്ങള്‍ മനപൂര്‍വം പ്രശ്‌നമുണ്ടാക്കുകയായിരുന്നുവെന്നും അവര്‍ ആരോപിച്ചു. പാലക്കാട് ജിന്ന സ്ട്രീറ്റിന്റെ പേര് മാറ്റണമെന്ന ആവശ്യവുമായി ബി.ജെ.പി പ്രവര്‍ത്തകർ പ്രതിഷേധിച്ചു.
കയ്യാങ്കളിക്കിടയില്‍ യു.ഡി.എഫ് കൗണ്‍സിലര്‍ മന്‍സൂറിന് പരുക്കേല്‍ക്കുകയും അസനപ്പ കുഴഞ്ഞു വീഴുകയും ചെയ്തു. എല്‍.ഡി.എഫ് കൗണ്‍സിലര്‍ സലീനയും കുഴഞ്ഞുവീണു. നൈപുണ്യ കേന്ദ്രത്തിന് പേരിടാനുള്ള തീരുമാനവുമായി മുന്നോട്ട് പോവുമെന്ന് നഗരസഭ ചെയര്‍പേഴ്‌സണ്‍ പ്രമീള ശശിധരന്‍ വ്യക്തമാക്കി.