തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചത്.
രാത്രിയിൽ ഇടുക്കി ജില്ലയിൽ കനത്ത മഴ പെയ്തു. വെള്ളിയാമറ്റം പഞ്ചായത്തില്‍ മണ്ണിടിച്ചിലിന് സാധ്യതയുള്ള പ്രദേശത്തുനിന്നും ആളുകളെ മാറ്റി പാർപ്പിച്ചു. രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ വെള്ളിയാമറ്റത്ത് തുറന്നിട്ടുണ്ട്. പന്നിമറ്റം എല്‍പി സ്കൂളിലും വെള്ളിയാമറ്റം ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് ക്യാമ്പുകള്‍ തുറന്നിരിക്കുന്നത്.
വൃഷ്ടി പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാല്‍ മലങ്കര ഡാമിന്റെ നാലു ഷട്ടറുകള്‍ രണ്ടു മീറ്റര്‍ വീതം ഉയര്‍ത്താന്‍ ജില്ലാ കളക്ടര്‍ അനുമതി നല്കി. മുവാറ്റുപുഴ തൊടുപുഴയാറുകളുടെ തീര പ്രദേശത്തുള്ളവർ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.
പരമാവധി ജലനിരപ്പായ 41.50 മീറ്റര്‍ എത്തുന്ന സാഹചര്യമുണ്ടായാലാണ് രണ്ടു മീറ്റര്‍ വീതം ഷട്ടറുകള്‍ ഉയര്‍ത്തുക. നിലവില്‍ നാല് ഷട്ടറുകളും ഒരുമീറ്റര്‍ വീതം ഉയര്‍ത്തിവച്ചിരിക്കുകയാണ്.