കണ്ണൂർ – കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‌യു പ്രവർത്തകർ നടത്തിയ പ്രതിഷേധത്തിനിടെ ആരോഗ്യമന്ത്രി വീണാ ജോർജിന് പരിക്കേറ്റു. മന്ത്രിയുടെ കൈക്കും കഴുത്തിനുമാണ് പരിക്കേറ്റത്. വിവിധ പരിപാടികളിൽ പങ്കെടുത്ത ശേഷം തിരുവനന്തപുരത്തേക്ക് മടങ്ങാനായി റെയിൽവേ സ്റ്റേഷനിൽ എത്തിയപ്പോഴായിരുന്നു സംഭവം. മന്ത്രിയെ ഉടൻ തന്നെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് രാവിലെ മുതൽ കണ്ണൂരിൽ മന്ത്രി പങ്കെടുത്ത വിവിധ പരിപാടികൾക്കിടയിൽ യൂത്ത് കോൺഗ്രസും യൂത്ത് ലീഗും കനത്ത പ്രതിഷേധം ഉയർത്തിയിരുന്നു. റെയിൽവേ സ്റ്റേഷനിൽ മന്ത്രി എത്തിയപ്പോൾ കെഎസ്‌യു പ്രവർത്തകർ കരിങ്കൊടി കാണിക്കുകയും തുടർന്ന് പോലീസുമായി ഉന്തും തള്ളുമുണ്ടാവുകയും ചെയ്തു. മൂന്നാമത്തെ പ്ലാറ്റ്‌ഫോമിലേക്ക് എത്തിയപ്പോഴാണ് തനിക്ക് കടുത്ത വേദന അനുഭവപ്പെടുന്ന കാര്യം മന്ത്രി വെളിപ്പെടുത്തിയത്.
ഈ സമയം റെയിൽവേ സ്റ്റേഷനിലുണ്ടായിരുന്ന സ്പീക്കർ എ.എൻ. ഷംസീറിനെ മന്ത്രി വിവരമറിയിക്കുകയും അദ്ദേഹത്തിന്റെ നിർദേശപ്രകാരം ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറുകയും ചെയ്യുകയായിരുന്നു. വൻ പോലീസ് സന്നാഹമാണ് നിലവിൽ റെയിൽവേ സ്റ്റേഷനിലും പരിസരത്തും ഉള്ളത്. മന്ത്രിയുടെ ആരോഗ്യനിലയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്കായി ഡോക്ടർമാരുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ്.



