കോഴിക്കോട് – വടകരയിലെ ഇടത് സ്ഥാനാര്‍ത്ഥിക്കെതിരായ ‘കാഫിര്‍’ പ്രയോഗമുളള സ്ക്രീന്‍ ഷോട്ട് കേസില്‍ പി.കെ കാസിം നല്കിയ ഹര്‍ജിയില്‍ പോലീസിന് ഹൈക്കോടതിയുടെ നോട്ടീസ്. പോലീസ് സ്വീകരിച്ച നടപടികള്‍ അറിയിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശിച്ചു. രണ്ടാഴ്ചയ്ക്കകം അറിയിക്കാന്‍ കോഴിക്കോട് റൂറല്‍ എസ്പിക്ക് നിര്‍ദ്ദേശം നല്കി. വോട്ടെടുപ്പിന്റെ തലേന്നായിരുന്നു വിവാദ വാട്സ്ആപ്പ് സന്ദേശം പുറത്തുവന്നത്. ഷാഫി പറമ്പിലിനെ ദീനിയായ മുസ്ലിമായും ഇടതു സ്ഥാനാര്‍ത്ഥിയായിരുന്ന കെ കെ ശൈലജയെ കാഫിറായും ചിത്രീകരിച്ചായിരുന്നു സന്ദേശം.
യൂത്ത് ലീഗ് നേതാവ് പി കെ കാസിമിന്റെ പേരിലായിരുന്നു സന്ദേശം. എന്നാല്‍, ഇത് കൃത്രിമമായി നിര്‍മ്മിച്ചതാണെന്നും പോസ്റ്റില്‍ അന്വേഷണം ആവശ്യപ്പെട്ട് ആദ്യം പൊലീസില്‍ പരാതി നല്കിയ തന്നെ പ്രതിയാക്കി വടകര പൊലീസ് കേസ് എടുത്തെന്നും കാസിം ഹര്‍ജിയില്‍ ആരോപിക്കുന്നു. അമ്പാടിമുക്ക് സഖാക്കള്‍ എന്ന ഐ ഡി യില്‍ ആണ് ആദ്യമായി ഇത് താന്‍ കണ്ടതെന്നും കാസിം ഹര്‍ജിയില്‍ പറയുന്നു.