കോഴിക്കോട്: മദ്രസകൾ അടച്ചുപൂട്ടാൻ സംസ്ഥാനങ്ങളോട് ഉത്തരവിട്ട ദേശീയ ബാലാവകാശ കമ്മിഷന്റെ നടപടി നിരുത്തരവാദപരവും ഭരണഘടനാ വിരുദ്ധവുമാണെന്ന് കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന സെക്രട്ടേറിയറ്റ് വ്യക്തമാക്കി.
കുട്ടികളിൽ കൊച്ചുനാൾ മുതലേ ധാർമിക മൂല്യങ്ങളും സമൂഹ്യബന്ധങ്ങളും മര്യാദ രീതികളും പരിശീലിപ്പിക്കുന്ന മദ്രസകളെക്കുറിച്ച ബാലാവകാശ കമ്മിഷന്റെ ആരോപണം അടിസ്ഥാന രഹിതമാണ്. സംഘ്പരിവാറിന്റെ വിദ്വേഷ അജണ്ട നടപ്പാക്കുകയാണ് ബാലാവകാശ കമ്മിഷന് ചെയ്യുന്നത്.
മതം വിശ്വസിക്കാനും പഠിക്കാനും പ്രചരിപ്പിക്കാനുമുള്ള ഭരണഘടനാപരമായ മൗലികാവകാശത്തെ ചോദ്യം ചെയ്യുന്ന ബാലാവകാശ കമ്മിഷൻ ഉത്തരവ് സർക്കാർ തള്ളിക്കളയണമെന്നും കെ.എൻ.എം ആവശ്യപ്പെട്ടു.
മഹല്ലുകളിൽ വർധിച്ചുവരുന്ന ധൂർത്തിനും വിവാഹരംഗത്തെ ആഭാസങ്ങൾക്കുമെതിരിൽ വിശ്വാസികളെ ബോധവത്കരിക്കാൻ വിപുലമായ കർമപദ്ധതികൾ നടപ്പാക്കാനും യോഗം തീരുമാനിച്ചു.
കെ.എൻ.എം മർകസുദ്ദഅ്‌വ സംസ്ഥാന ഉപാധ്യക്ഷൻ കെ.പി അബ്ദുറഹ്മാൻ സുല്ലമി അധ്യക്ഷത വഹിച്ചു. ജനറൽസെക്രട്ടറി സി.പി ഉമർ സുല്ലമി ഉദ്ഘാടനം ചെയ്തു.