കല്‍പ്പറ്റ: ചൂരല്‍മല ടൗണില്‍ കുടുംബ സുഹൃത്തിന്റെ ഉടമസ്ഥതയിലുള്ള വീട്ടിലേക്ക് മാറിത്താമസിക്കുന്നതിന് മുണ്ടക്കൈ പുഞ്ചിരിമട്ടത്തുനിന്ന് തിങ്കളാഴ്ച രാവിലെ പുറപ്പെടുംമുമ്പ് പാലപ്പെട്ടി മുനീറിന്റെ ഭാര്യ ഹാജിറ അയല്‍ക്കാരിയും കൂട്ടുകാരിയുമായ ഗീതയോടു കൂടെ വരാന്‍ പറഞ്ഞതാണ്. എന്നാല്‍ ഹാജിറയുടെ വാക്കിനെ ഗീത ഗൗരവത്തിലെടുത്തില്ല. മാറിത്താമസിക്കുന്നതാണ് ബുദ്ധിയെന്ന് ഹാജിറ പറഞ്ഞപ്പോള്‍ ഭയപ്പെടുന്നതുപോലൊന്നും സംഭവിക്കില്ലെന്നായിരുന്നു ഏലത്തോട്ടം തൊഴിലാളിയായ ഗീതയുടെ പ്രതികരണം. ഗീതയെ കാണാനില്ലെന്നും അവരുടെ ഭര്‍ത്താവ് രവിയും മകന്‍ സുമേഷും മരിച്ചെന്നുമുള്ള വൃത്താന്തമാണ് രണ്ടു ദിവസം കഴിഞ്ഞപ്പോള്‍ ഹാജിറയുടെ കാതിലെത്തിയത്.
തകര്‍ന്നുപോയ ഹാജിറ മേപ്പാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസക്യാമ്പില്‍ വ്യഥയുണ്ട് കഴിയുകയാണ്. മുണ്ടക്കൈയില്‍ ലോട്ടറി വില്‍പ്പനക്കാരനായ രവിക്കും ഗീതയ്ക്കും മൂന്ന് മക്കളാണ്. ഇതില്‍ രണ്ടുപേര്‍ വയനാടിനു പുറത്തായതിനാല്‍ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടു.
മഞ്ചേരിയില്‍ ഹോട്ടലില്‍ പാചകത്തൊഴിലാളിയാണ് പാലപ്പെട്ടി മുനീര്‍. ദുരന്തം ഉണ്ടാകുന്നതിനു രണ്ടുദിവസം മുമ്പാണ് പുഞ്ചിരിമട്ടത്തെ വീട്ടിലെത്തിയത്. പുഞ്ചിരിമട്ടത്ത് പുഴയോരത്താണ് മുനീറിന്റെ ഇരുനില വാര്‍പ്പുവീടും അയല്‍ക്കാരനായ രവിയുടെ വീടും. തിങ്കളാഴ്ച പകല്‍ പുഞ്ചിരിമട്ടത്ത് നേരിയതോതില്‍ മണ്ണിടിച്ചില്‍ ഉണ്ടായിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ അപകടസൂചന ആളുകളിലെത്തുകയുമുണ്ടായി. ഈ സാഹചര്യത്തിലാണ് മുണ്ടക്കൈ ഇറങ്ങാന്‍ മുനീര്‍ തീരുമാനിച്ചത്.
മാതാവ് കദിയുമ്മയും ഭാര്യ ഹാജിറയും ഹസ്‌റത്ത് അമീന, ഹസ്‌റത്ത് അന്‍ജു എന്നീ മക്കളും അടങ്ങുന്നതാണ് മുനീറിന്റെ കുടുംബം. ഒരു വര്‍ഷം മുമ്പ് ഹാജിറയ്ക്ക് സട്രോക്ക് ഉണ്ടായതും കണക്കിലെടുത്താണ് മാറിത്താമസിക്കാന്‍ മുനീര്‍ തീരുമാനിച്ചത്. റേഷന്‍ കാര്‍ഡും ഓരോ ജോഡി വസ്ത്രവുമെടുത്ത് ചൂരല്‍മലയിലെത്തിയ മുനീറും കുടുംബവും സ്‌നേഹിതന്റെ വീടിന്റെ മുകള്‍നിലയിലാണ് താമസമാക്കിയത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഉരുള്‍വെള്ളം പായുന്ന ഒച്ച കേട്ടാണ് കുടുംബം ഉണര്‍ന്നത്. അപ്പോഴേക്കും വീടിന്റെ താഴ്‌നിലയില്‍ വെള്ളം എത്തിയിരുന്നു.
ധൃതിയില്‍ വീട്ടുകാരെയും കൂട്ടി മുനീര്‍ സുരക്ഷിത സ്ഥാനത്തേക്കു നീങ്ങി. വൈകാതെ രക്ഷാപ്രവര്‍ത്തകരാണ് ഇവരെ ദുരിതാശ്വാസ ക്യാമ്പില്‍ എത്തിച്ചത്. മുനീറിന്റെയും രവിയുടെയും പുഞ്ചിരിമട്ടത്തെ വീട് ഉരുള്‍പൊട്ടലില്‍ നിശേഷം നശിച്ചു. മുണ്ടക്കൈയില്‍ 200 ഓളം വീടുകളം ആള്‍ത്താമസമുള്ള ഒന്‍പത് എസ്റ്റേറ്റ് പാടികളും മണ്ണില്‍ പുതഞ്ഞതായാണ് അറിയുന്നതെന്ന് മുനീര്‍ പറഞ്ഞു. മുണ്ടക്കൈയിലെ ക്ഷേത്രം, പള്ളി എന്നിവ പൂര്‍ണമായും മോസ്‌ക് ഭാഗികമായും ദുരന്തത്തെ അതിജീവിച്ചതായും അദ്ദേഹം പറഞ്ഞു. മേപ്പാടി പഞ്ചായത്തിലെ 11-ാം വാര്‍ഡിലാണ് മുണ്ടക്കൈ. പഞ്ചായത്ത് പ്രസിഡന്റ് ബാബു പ്രതിനിധാനം ചെയ്യുന്നത് ഈ വാര്‍ഡിനെയാണ്.