ഗുണ്ടൽപേട്ട- കർണാടക ഗുണ്ടൽപേട്ടിൽ കാറും ട്രാവലറും കൂട്ടിയിടിച്ച് അപകടം. മലപ്പുറം കൊണ്ടോട്ടി സ്വദേശികളായ രണ്ട് പേർ മരിച്ചു. മൂന്ന് കുട്ടികൾക്ക് ഗുരുതരമായി പരിക്കേറ്റു. കൊണ്ടോട്ടി അരിമ്പ്ര സ്വദേശിയായ അബ്ദുൾ അസീസും കുടുംബവുമാണ് വാഹനത്തിൽ ഉണ്ടായിരുന്നത്. അബ്ദുൾ അസീസിന്‍റെ മക്കളായ മുസ്കാനുൾ ഫിർദൗസ് (21), ഷെഹ്ഷാദ് (24) എന്നിവരാണ് മരിച്ചത്.
ഇന്ന് രാവിലെ ഗുണ്ടൽപേട്ടിലെ ബെണ്ടഗള്ളി ഗേറ്റിലാണ് അപകടമുണ്ടായത്. അഞ്ച് കുട്ടികളടക്കം ഒൻപത് പേരടങ്ങുന്ന കുടുംബമാണ് അപകടത്തിൽ പെട്ടത്. കാറിന്‍റെ മുൻസീറ്റിൽ ഇരുന്നവരാണ് മരിച്ചത്.
അബ്ദുൾ അസീസ് (45), സഹദിയ (25), സിനാൻ (17), ആദിൽ (16), ഷാനിജ് (16), ആദം (4), ആയത് (എട്ട് മാസം) എന്നിവരാണ് ചികിത്സയിലുള്ളത്. മൈസുരു അപ്പോളോ, കെവിസി, ഐഎസ്എസ് ആശുപത്രികളിൽ ആയാണ് പരിക്കേറ്റവർ ഉള്ളത്. മൂന്ന് പേരുടെ നില ഗുരുതരമാണ്.