തിരുവനന്തപുരം– ‘സൗഹൃദം മഹാവൃക്ഷമായി വളരട്ടെ’ എന്ന സന്ദേശത്തില്‍ സുഹൃത്തുക്കള്‍ക്ക് നട്ടുവളര്‍ത്താന്‍ വൃക്ഷത്തൈ കൈമാറ്റവുമായി ഹരിതകേരളം മിഷന്‍. ലോക സൗഹൃദ ദിനമായ ആഗസ്റ്റ് മൂന്നിനും തുടര്‍ന്നുള്ള ദിവസങ്ങളിലുമാണ് തൈകള്‍ കൈമാറുക. ഇന്ന് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ചെടികൾ കൈമാറി. ഹരിതകേരളം മിഷന്റെ ആഭിമുഖ്യത്തില്‍ ഒരുകോടി വൃക്ഷത്തൈകള്‍ നടാന്‍ ലക്ഷ്യമിട്ടുള്ള ‘ഒരു തൈ നടാം’ ജനകീയ വൃക്ഷവത്കരണ ക്യാമ്പയിന്റെ ഭാഗമായാണ് ‘ചങ്ങാതിക്കൊരു തൈ’ എന്ന പേരില്‍ പരിപാടി സംഘടിപ്പിക്കുന്നത്. സൗഹൃദ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടിയിലൂടെ പത്തു ലക്ഷത്തിലധികം വൃക്ഷത്തൈകളുടെ കൈമാറ്റം നടക്കുമെന്ന് ഹരിതകേരളം മിഷന്‍ വൈസ് ചെയര്‍പേഴ്സണ്‍ ഡോ. ടി എന്‍ സീമ അറിയിച്ചു.
ഒരു തൈ നടാം ക്യാമ്പയിനില്‍ ഇതുവരെ 29 ലക്ഷത്തോളം തൈകള്‍ നട്ടുകഴിഞ്ഞു. ഇതിനുപുറമെയാണ് ചങ്ങാതിക്കൊരു തൈ പരിപാടിയിലൂടെ പത്ത് ലക്ഷം തൈകള്‍ കൂടി നടുന്നത്. സംസ്ഥാനത്തെ സ്‌കൂളുകള്‍, കലാലയങ്ങള്‍, ഓഫീസുകള്‍, സ്ഥാപനങ്ങള്‍, വായനശാലകള്‍, ക്ലബുകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, മാധ്യമ സ്ഥാപനങ്ങള്‍ തുടങ്ങിയ ഇടങ്ങളിലാണ് സുഹൃത്തുക്കള്‍ തമ്മില്‍ വൃക്ഷത്തൈകള്‍ കൈമാറുക. കുട്ടികളില്‍ പരിസ്ഥിതി സ്നേഹം വളര്‍ത്തുക, നെറ്റ് സീറോ കാര്‍ബണ്‍ കേരളം, പരിസ്ഥിതി പുനഃസ്ഥാപനം എന്നിവയും ഇതിലൂടെ ലക്ഷ്യമിടുന്നു.