കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിലിൽനിന്ന് ഗോവിന്ദച്ചാമി ജയിൽചാടിയതിന്റെ നിർണായക സിസിടിവി ദൃശ്യങ്ങൾ പുറത്ത്. സെല്ലിനു സമീപമുള്ള ദൃശ്യങ്ങൾ ഉൾപ്പെടെയാണ് പുറത്തുവന്നത്. സെല്ലിന്റെ രണ്ട് കമ്പികൾ അറുത്തുമാറ്റിയാണ് ഗോവിന്ദച്ചാമി പുറത്തുകടന്നത്.
സെല്ലിന്റെ താഴത്തെ ഭാഗത്തുകൂടി ഇഴഞ്ഞാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് ആദ്യ സിസിടിവി ദൃശ്യത്തിൽ വ്യക്തമാണ്. മൂന്നുതവണ സെല്ലിനുള്ളിൽ തിരിച്ചുകയറി സാധനങ്ങൾ എടുത്ത ശേഷമാണ് പുറത്തേക്കിറങ്ങിയത്. സെല്ലിൽ കൂടെയുണ്ടായിരുന്ന തമിഴ്നാട് സ്വദേശിയായ സഹതടവുകാരന് രണ്ട് കമ്പികൾ മുറിച്ച വിടവിലൂടെ പുറത്തുകടക്കാൻ കഴിഞ്ഞില്ല. തുടർന്ന് ഗോവിന്ദച്ചാമി അതീവ ശാന്തനായി ജയിലിന്റെ വലിയ മതിലിനടുത്തേക്ക് നടക്കുന്നത് രണ്ടാമത്തെ ദൃശ്യങ്ങളിൽ കാണാം.
ഈ ദൃശ്യങ്ങൾ ജയിലിലെ സുരക്ഷാസംവിധാനങ്ങളുടെ ഗുരുതരമായ വീഴ്ചകളിലേക്കാണ് വിരൽചൂണ്ടുന്നത്. സിസിടിവി ദൃശ്യങ്ങൾ നിരീക്ഷിക്കാൻ ജീവനക്കാരനില്ലായിരുന്നുവെന്നാണ് വിവരം. ഗോവിന്ദച്ചാമി ജയിൽചാടുന്ന ദൃശ്യങ്ങളിൽ ഒരു ജയിൽ ഉദ്യോഗസ്ഥനെപ്പോലും കാണാനില്ല.
ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരുന്നത് ദുർബലമായ സുരക്ഷയുള്ള സെല്ലിലാണ്. തുരുമ്പിച്ച് ദ്രവിച്ച കമ്പികൾ മാത്രമുള്ള സെല്ലായിരുന്നു ഇത്. ഏകദേശം 28 ദിവസമെടുത്താണ് ഗോവിന്ദച്ചാമി സെല്ലിന്റെ കമ്പികൾ അറുത്തത്. എന്നിട്ടും ഇത് ആരുടെയും ശ്രദ്ധയിൽപ്പെട്ടില്ല. കണ്ണൂർ ജയിൽ ജീവനക്കാരുടെ ഭാഗത്തുനിന്നുണ്ടായ കനത്ത സുരക്ഷാവീഴ്ചയാണ് ഈ ദൃശ്യങ്ങൾ വെളിവാക്കുന്നത്.