ജിദ്ദ– മികച്ച തയാറെടുപ്പും കൃത്യമായ ലക്ഷ്യബോധവുമുണ്ടെങ്കില്‍ സാധാരണ വിദ്യാര്‍ഥികള്‍ക്കും നീറ്റ് പോലെയുള്ള പ്രവേശന പരീക്ഷകളില്‍ മികവു തെളിയിക്കാനാകുമെന്ന് വിദഗ്ധര്‍. കോഴിക്കോട് കേന്ദ്രമായുള്ള ഡോപ അക്കാദമിയുടെ ആഭിമുഖ്യത്തില്‍ ജിദ്ദയില്‍ 10, 11, 12 ക്ലാസ്സ് വിദ്യാര്‍ഥികള്‍ക്കായി സംഘടിപ്പിച്ച കരിയ ര്‍ എക്‌സ് പ്രോഗ്രാമില്‍ സംസാരിക്കുകയായിരുന്നു അവര്‍. ജി.സി.സിയില്‍ നിന്നുള്ള കുട്ടികള്‍ക്കായി ഡോപ അവതരിപ്പിക്കുന്ന പ്രത്യേക ബാച്ചിന്റെ ലോഞ്ചിംഗ് ചടങ്ങില്‍ നടന്നു.
വളരെ നേരത്തെയുള്ള തയാറെടുപ്പും മികച്ച ശിക്ഷണവും കുട്ടികള്‍ക്ക് കടുത്ത പരീക്ഷകള്‍പോലും എളുപ്പത്തില്‍ തരണം ചെയ്യാന്‍ പ്രാപ്തി നല്‍കുമെന്ന് ഡോപ ഇന്റഗ്രേറ്റഡ് സ്‌കൂള്‍ അക്കാദമിക് ഡയറക്ടര്‍ അഫ്‌സല്‍ സഫ്‌വാന്‍ പറഞ്ഞു. കുട്ടികളുടെ കഴിവുകളേയും താല്‍പര്യങ്ങളേയും അംഗീകരിക്കുകയും അവരുടെ പാഷന്‍ മനസ്സിലാക്കി മാര്‍ഗനിര്‍ദേശം നല്‍കുകയും ചെയ്യുന്ന പാരന്റിംഗ് ഇക്കാര്യത്തില്‍ വളരെ പ്രധാനമാണ്. കുട്ടികളെ അസാധ്യമായ തലങ്ങളിലേക്ക് ഉയര്‍ത്താന്‍ കഴിയുന്ന തരത്തില്‍ പാരന്റിംഗ് സ്‌കില്‍സ് നേടേണ്ടതിന്റെ ആവശ്യകത അദ്ദേഹം ഊന്നിപ്പറഞ്ഞു. പ്ലസ് വണ്‍, പ്ലസ് ടു ക്ലാസ്സുകള്‍ക്കൊപ്പം എന്‍ട്രന്‍സ് പരീശീലനം നല്‍കുന്ന ഡോപ ഇന്റഗ്രേറ്റഡ് സ്‌കൂള്‍ അദ്ദേഹം പരിചയപ്പെടുത്തി.
പാഷനും കഴിവും കഠിനാധ്വാനവും കൂടിച്ചേരുമ്പോള്‍ കുട്ടികള്‍ക്ക് മികച്ച കരിയറിലേക്കുള്ള വഴികള്‍ താനെ തുറന്നുവരുമെന്ന് ഡോപ ഡയറക്ടര്‍ ഡോ. ആസിഫ് പറഞ്ഞു. ഗള്‍ഫിലെ സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ മത്സരപരീക്ഷകളില്‍ പിന്നോക്കം പോകുന്നുവെന്ന വാദം ശരിയല്ലെന്ന് സ്വന്തം അനുഭവം വിശദീകരിച്ച് അബീര്‍ മെഡിക്കല്‍ ഗ്രൂപ്പ് വൈസ് പ്രസിഡന്റ് ഡോ. ജംഷീദ് അഹമ്മദ് പറഞ്ഞു. ജിദ്ദ ഇന്ത്യന്‍ സ്‌കൂളിലെ സാധാരണ വിദ്യാര്‍ഥിയായിരുന്ന തനിക്ക് പ്രവേശനപരീക്ഷയില്‍ റാങ്കോടെ വിജയിക്കാന്‍ കഴിഞ്ഞത് ചിട്ടയായ പരിശീലനവും കഠിനാധ്വാനവും കൊണ്ടായിരുന്നു. ഏത് വിദ്യാര്‍ഥിക്കും സാധിക്കാവുന്ന കാര്യമാണിതെന്നും അതിന് ശ്രദ്ധാപൂര്‍വമായ പരിശീലനം മാത്രമാണ് വേണ്ടതെന്നും ഡോപ ഡയറക്ര്‍ കൂടിയായ ഡോ. ജംഷീദ് പറഞ്ഞു.


വിദ്യാര്‍ഥികളുടെ സംശയനിവാരണത്തിനുള്ള പ്രത്യേക സെഷനില്‍ മൂവരും മറുപടികള്‍ നല്‍കി. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പഠനം പൂര്‍ത്തിയാക്കിയ ഏതാനും യുവ ഡോക്ടര്‍മാരുടെ സംരംഭമാണ് 2020 മുതല്‍ പ്രവര്‍ത്തിക്കുന്ന ഡോപ. ജിദ്ദ അല്‍ വുറൂദ് സ്‌കൂള്‍ പ്രിന്‍സിപ്പല്‍ സുനില്‍, അഹ്ദാബ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ അന്‍വര്‍ എന്നിവരും കുട്ടികളെ അഭിമുഖീകരിച്ച് സംസാരിച്ചു. റസാഖ് മാസ്റ്റര്‍, കെ.ടി.എ മുനീര്‍, ജലീല്‍ കണ്ണമംഗലം എന്നിവര്‍ ആശംസ നേര്‍ന്നു. അശ്‌റഫ് നന്ദി പറഞ്ഞു. സാബിത് അവതാരകനായിരുന്നു.