കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും കുതിപ്പ്. കഴിഞ്ഞദിവസം സർവകാല റെക്കോർഡിലേക്ക് കുതിച്ച വില ഇന്ന് വീണ്ടും ഉയർന്നു. 160 രൂപ വർധിച്ച് 55,840 രൂപയാണ് ഇന്ന് ഒരു പവന്റെ വില. 6980 രൂപയാണ് ഒരു ഗ്രാമിന്റെ പുതിയ വില.
ബജറ്റിൽ കസ്റ്റംസ് ഡ്യൂട്ടി കുറച്ചതിന് ശേഷം തെല്ലൊരു ആശ്വാസത്തോടെ കുറഞ്ഞുനിന്ന സ്വർണ വില യു.എസ് ഫെഡറൽ റിസർവ് പലിശ നിരക്ക് കുറച്ചതോടെ വീണ്ടും കുതിപ്പിലാണ്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ അടക്കമുള്ള കാരണങ്ങളാൽ സുരക്ഷിത നിക്ഷേപമെന്ന നിലയ്ക്ക് സ്വർണത്തിന്റെ ഡിമാൻഡ് കൂടിയതായും റിപോർട്ടുകൾ വ്യക്തമാക്കുന്നു. മൂന്ന് ദിവസത്തിനിടെ പവന് 1240 രൂപയും ഈ മാസം ഇതുവരെയായി ഒരു പവന് 2,480 രൂപയുമാണ് വില കൂടിയത്.
പത്തു ശതമാനം പണിക്കൂലിയുള്ള ഒരു പവൻ സ്വർണം ആഭരണ രൂപത്തിൽ ലഭിക്കാൻ മൂന്ന് ശതമാനം ജി.എസ്.ടി കൂടി ചേർത്ത് 63,000 രൂപയ്ക്ക് മുകളിൽ നൽകേണ്ട സ്ഥിതിയാണെന്ന് ഉഭയോക്താക്കൾ പറയുന്നു.