കൊച്ചി: സംസ്ഥാനത്ത് സ്വർണ വില വീണ്ടും കൂടി പവന് 59,000 രൂപയായി. ഇന്ന് 480 രൂപ വർധിച്ചാണ് പവന് 59,000 രൂപയായത്. ഗ്രാമിന് 60 രൂപയാണ് വർധിച്ചത്. 7375 രൂപയാണ് ഒരു ഗ്രാം സ്വർണത്തിന്റെ വില.
സ്വർണത്തിന്റെ വിലവർധനവ് വിവാഹം അടക്കമുള്ള അനിവാര്യ ആവശ്യങ്ങൾക്കായി ആഭരണങ്ങൾ വാങ്ങുന്നവരെയാണ് ഏറ്റവുമധികം നിരാശപ്പെടുത്തുന്നത്. ഇതുവരെയുള്ള കണക്കുകളനുസരിച്ച് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് സ്വർണ വിലയിൽ ഈ വർഷം 29 ശതമാനത്തിന്റെ വർധനവാണുണ്ടായത്.
ജി.എസ്.ടി ചാർജ്, ഹോൾമാർക്ക് ചാർജ്, പണിക്കൂലി അടക്കമുള്ളവ ചേർത്താൽ ഒരു പവൻ സ്വർണം അണിയാൻ വൻതുകയാണ് ഓരോ ഉപയോക്താവും ചെലവഴിക്കേണ്ടി വരിക.
വില കുത്തനെ കൂടുന്നത് വിപണിയിലും തിരിച്ചടിയുണ്ടാക്കുക സ്വാഭാവികമാണ്. എന്നാൽ, ഈ വർഷം അവസാനത്തോടെ സ്വർണ വില പുതിയ റെക്കോർഡിലേക്കെത്തുമെന്നാണ് റിപോർട്ടുകൾ നൽകുന്ന സൂചന.