കൊച്ചി: ഞെട്ടിച്ച് സ്വർണവില വീണ്ടും റെക്കോർഡിൽനിന്ന് റെക്കോർഡിലേക്ക് കുതിപ്പ് തുടരുന്നു. സംസ്ഥാനത്ത് ഇന്ന് ചരിത്രത്തിൽ ആദ്യമായി വില 58000 കടന്നിരിക്കുകയാണ്. പവന് 320 രൂപ കൂടി ഇന്ന് 58240 രൂപയാണ് പുതിയ വില. ഒരു ഗ്രാമിന് 7280 രൂപയാണ് വില.
ഈ ആഴ്ച മാത്രം ഒരു പവന് 1280 രൂപയാണ് കൂടിയത്. 10 ശതമാനം പണിക്കൂലിയും ജി.എസ്.ടിയും ചേർത്ത് 65,000-ത്തിലേറെ രൂപയാണ് ഒരു പവന് വേണ്ടി ഉപയോക്താക്കൾ ചെലവഴിക്കേണ്ടി വരിക. ഉത്സവ, വിവാഹ സീസണിലെ വിലക്കയറ്റം ഉപഭോക്താക്കൾക്ക് വൻ ബാധ്യതയാണ് വരുത്തുക.
അന്താരാഷ്ട്ര തലത്തിലും സ്വർണവില കുതിക്കുകയാണ്. അതിന്റെ പ്രതിഫലനമായാണ് ഇന്ത്യൻ വിപണിയിലും വില പിടിവിട്ട് പോകുന്നതിന് കാരണമെന്നാണ് പറയുന്നത്. രാജ്യാന്തര വിപണിയിൽ ഔൺസിന് റെക്കോർഡ് നിലവാരമായ 2,700 ഡോളറിന് മുകളിലാണ് വ്യാപാരം നടക്കുന്നത്.