ചോറ്റാനിക്കര: ചോറ്റാനിക്കരയില്‍ ആക്രമിക്കപ്പെട്ട പെണ്‍കുട്ടിക്ക് മറ്റ് ആണ് സുഹൃത്തുക്കളുമായുള്ള ബന്ധത്തിന്റെ പേരിലാണ് പ്രതി അനൂപ് അതിജീവിതയെ ആക്രമിച്ചത്. ശനിയാഴ്ച രാത്രി പത്തരയോടെ അനൂപ് പെണ്‍കുട്ടിയുടെ വീട്ടിലെത്തി. രൂക്ഷമായ വാക്കുതര്‍ക്കത്തിനിടെ കൊടിയ മര്‍ദനവും പെണ്‍കുട്ടി നേരിട്ടു. കൈകൊണ്ടും വീട്ടിലുണ്ടായിരുന്ന ചുറ്റികകൊണ്ടും പെണ്‍കുട്ടിയെ മര്‍ദിച്ചു. മനംമടുത്ത് പെണ്‍കുട്ടി ഷാള്‍ ഫാനില്‍ കുരുക്കി ആത്മഹത്യക്ക് ശ്രമിച്ചു.
ഈ സമയം വീട്ടിലുണ്ടായിരുന്ന അനൂപ് ഉടന്‍ തന്നെ കത്തിയെടുത്ത് ഷാള്‍ അറുത്ത് പെണ്‍കുട്ടിയെ താഴെയിട്ടു. പിന്നീട് ശ്വാസംമുട്ടിച്ചു. രാത്രി പെണ്‍കുട്ടിയുടെ വീട്ടിലെത്തിയ അനൂപ് പിറ്റേദിവസം രാവിലെ ഏഴ് മണിക്ക് മതില് ചാടിക്കടന്നാണ് രക്ഷപ്പെട്ടത്. തെളിവെടുപ്പിനിടെ അന്ന് നടന്ന കാര്യങ്ങള്‍ പ്രതി പോലിസിനോട് വിശദീകരിച്ചു. പെണ്‍കുട്ടിയെ ആക്രമിക്കാന്‍ ഉപയോഗിച്ച ചുറ്റികയും കത്തിയും വീട്ടില്‍ നിന്ന് കണ്ടെത്തി.
ഞായറാഴ്ച രാവിലെ ഏഴിന് പ്രതി രക്ഷപ്പെട്ടെങ്കിലും പെണ്‍കുട്ടിയുടെ അവസ്ഥ പുറംലോകമറിയുന്നത് ഉച്ചകഴിഞ്ഞ നാല് മണിക്ക് മാത്രം. ബന്ധു വീട്ടിലെത്തിയപ്പോള്‍ അബോധാവസ്ഥയില്‍ കണ്ടെത്തി. നാട്ടുകാരെ വിവരം അറിയിച്ചശേഷം പൊലീസും സ്ഥലത്തെത്തി. നാലരയോടെയാണ് പെണ്‍കുട്ടിയെ ആംബലന്‍സില്‍ ആശുപത്രിയിലേക്ക് മാറ്റിയതെന്ന് സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തം. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള പെണ്‍കുട്ടി അതീവഗുരുതരാവസ്ഥയിലാണ്.
കേസില്‍ കൂടുതല്‍ പേരുടെ പങ്കും പൊലീസ് അന്വേഷിക്കുന്നുണ്ട്. പ്രതി അനൂപിനെ വീട്ടിലാക്കിയതും തിരിച്ചുകൊണ്ടുപോയതും സുഹൃത്താണ്. എന്‍ഡിപിഎസ്, അടിപിടി കേസുകളില്‍ പ്രതിയാണ് പിടിയിലായ അനൂപ്. പെണ്‍കുട്ടിയെ ലഹരിക്ക് അടിമമയാക്കിയിരുന്നുവെന്നും അനൂപ് പോലീസിന് മൊഴി നല്കി.