കോട്ടയം: മതവിദ്വേഷ പരാമർശ കേസിൽ മുന്‍ എംഎല്‍എയും ബിജെപി നേതാവുമായ പി.സി. ജോർജ് തിങ്കളാഴ്ച പോലീസിന് മുന്നിൽ ഹാജരാകും. ഹാജരാകാൻ കൂടുതൽ സമയം ആവശ്യപ്പെട്ട് പി.സി. ജോർജ് പോലീസിന് അപേക്ഷ നൽകി.
ഇന്ന് രണ്ട് തവണ പോലീസ് വീട്ടിൽ എത്തിയിട്ടും പി.സി. ജോർജ് നോട്ടീസ് കൈപ്പറ്റിയിരുന്നില്ല. നിലവിൽ അദ്ദേഹം വീട്ടിലില്ല.
മതവിദ്വേഷ പരാമർശത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ നിർദേശത്തിനനുസരിച്ച് നടപടിയെടുക്കാനാണ് ഈരാറ്റുപേട്ട പോലീസിന്റെ നീക്കം.
വിദ്വേഷ പരാമര്‍ശത്തിൽ ഹൈക്കോടതി മുൻകൂര്‍ ജാമ്യാപേക്ഷ തള്ളിയതിന് പിന്നാലെയാണ് പി.സി. ജോർജിനെ അറസ്റ്റ് ചെയ്യാൻ നിര്‍ദേശം നൽകിയത്. ഡിജിപിയുടെ നിർദേശപ്രകാരമാണ് നടപടി.
യൂത്ത് ലീഗ് നൽകിയ പരാതിയിലാണ് ഈരാറ്റുപേട്ട പോലീസ് ജാമ്യമില്ലാ വകുപ്പ് പ്രകാരം ജോർജിനെതിരെ കേസെടുത്തത്. കോട്ടയം ജില്ലാ സെഷൻസ് കോടതിയും ഹൈക്കോടതിയും പിസിയുടെ മുൻകൂർ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
ജോര്‍ജ് നിരന്തരം ജാമ്യവ്യവസ്ഥ ലംഘിച്ചുവെന്നതിനാല്‍ മുന്‍കൂര്‍ ജാമ്യം നല്‍കില്ലെന്നായിരുന്നു ഹൈക്കോടതി നിലപാട്. ജോര്‍ജ് കോടതികളുടെ ജാമ്യവ്യവസ്ഥകള്‍ നിരന്തരം ലംഘിക്കുന്നത് ഏറെ ഗൗരവമുള്ള വിഷയമാണെന്നാണ് ഹൈക്കോടതി നിരീക്ഷിച്ചത്.
ജനുവരി അഞ്ചിന് ചാനല്‍ ചര്‍ച്ചയില്‍ ജോർജ് മുസ്ലിം വിരുദ്ധ പ്രസ്താവനകള്‍ നടത്തിന്ന് ആരോപിച്ചാണ് യൂത്ത് ലീഗ് പോലീസിനെ സമീപിച്ചത്.