ആലപ്പുഴ: അങ്കമാലിയിലെ ഗുണ്ടാ നേതാവിന്റെ വീട്ടില്‍ വിരുന്ന് സല്‍ക്കാരത്തിന് എത്തിയ ആലപ്പുഴ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം ജി സാബുവിനെ സസ്പെൻഡ് ചെയ്യാൻ നിർദേശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഒപ്പം ഉണ്ടായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്കെതിരെയും വകുപ്പുതല അന്വേഷണം ആരംഭിച്ചു. ആലപ്പുഴയിലെ രണ്ട് പോലീസുദ്യോഗസ്ഥരെ സംഭവുമായി ബന്ധപ്പെട്ട് ജില്ലാ പോലീസ് മേധാവി സസ്പെൻഡ് ചെയ്തിരുന്നു. കഴിഞ്ഞദിവസം വൈകിട്ട് വിനോദസഞ്ചാരം കഴിഞ്ഞ് മടങ്ങി വരുന്ന വഴിയാണ് ഡിവൈഎസ്പി ഗുണ്ടാ നേതാവിന്റെ വീട്ടില്‍ സല്‍ക്കാരത്തിന് എത്തിയത്. ഈ സമയം മറ്റൊരു കേസുമായി ബന്ധപ്പെട്ട് അങ്കമാലി പോലീസ് സബ് ഇൻസ്പെക്ടർ ഗുണ്ടാ നേതാവിന്റെ വീട്ടില്‍ റൈഡിന് എത്തിയപ്പോഴാണ് ഡിവൈഎസ്പിയും പോലീസ് ഉദ്യോഗസ്ഥരും ഗുണ്ടാ നേതാവിനൊപ്പം നില്ക്കുന്ന കണ്ടത്. സംഭവം ഉടൻതന്നെ ഉന്നത ഉദ്യോഗസ്ഥരെ അറിയിക്കുകയും അതിനു ശേഷം അന്വേഷണം നടത്തുകയും ചെയ്തു.
ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വന്നിരിക്കുന്നത്. ഈ വരുന്ന 31ന് സർവീസില്‍ നിന്നും വിരമിക്കാൻ ഇരിക്കയാണ് ഇപ്പോള്‍ നിയമനടപടിക്ക് ഇദ്ദേഹം വിധേയനാകുന്നത്.